ഡൈ ചെയ്ത് തരാമെന്ന് പറഞ്ഞ് പിടിച്ചിരുത്തി; 6.5 പവന്‍ വളര്‍ത്തുമകനും ഭാര്യയും കവര്‍ന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2021 04:40 PM  |  

Last Updated: 21st March 2021 04:40 PM  |   A+A-   |  

police case

പ്രതീകാത്മക ചിത്രം

 

കൊല്ലം:   വളര്‍ത്തുമകനും ഭാര്യയും ചേര്‍ന്നു സ്വര്‍ണാഭരണങ്ങള്‍ ഊരി വാങ്ങിയ ശേഷം മുക്കുപണ്ടം നല്‍കി പറ്റിച്ചതായി പരാതി. വൃദ്ധദമ്പതികളായ ശിവദാസന്‍, പത്മിനി എന്നിവരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ 12ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. 

പത്മിനിയുടെ താലിമാലയും 2 വളയും ഉള്‍പ്പെടെ 6.5 പവന്‍ തൂക്കമുള്ള സ്വര്‍ണാഭരണങ്ങളാണ് ഇവര്‍ അഴിച്ചു വാങ്ങിയത്. വിറക് അടുക്കാനുണ്ടെന്നു പറഞ്ഞായിരുന്നു പത്മിനിയെ വീട്ടിലേക്കു വിളിച്ചു വരുത്തിയതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്നു നാരങ്ങാവെള്ളം നല്‍കി. അതു കുടിച്ചപ്പോള്‍ ഉറക്കം വരുന്നതു പോലെ തോന്നിയതായി പത്മിനി പറഞ്ഞു.

പിന്നീടു തലമുടിയില്‍ ഡൈ പുരട്ടി തരാമെന്നു പറഞ്ഞു പിടിച്ചിരുത്തി. അതു കഴിഞ്ഞപ്പോള്‍ ഡൈയുടെ നിറം പറ്റി എന്നു പറഞ്ഞാണ് ആഭരണങ്ങള്‍ ഊരി വാങ്ങിയത്. പിന്നീടു പൊതിഞ്ഞു തന്ന ആഭരണങ്ങള്‍ വീട്ടില്‍ അലമാരയില്‍ കൊണ്ടു വയ്ക്കാനും പറഞ്ഞെന്നും പരാതിയിലുണ്ട്. പത്മിനി വീട്ടിലെത്തിയ ശേഷം ശിവദാസന്‍ മാലയെക്കുറിച്ചു തിരക്കിയപ്പോഴാണു പൊതി തുറന്നു നോക്കിയതെന്നും പരാതിയില്‍ പറയുന്നു. അന്നു തന്നെ ഇരവിപുരം പൊലീസിലും പിന്നീടു കൊല്ലം എസിപിക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ദമ്പതികള്‍ ആരോപിക്കുന്നു.