'കരാർ കള്ളൻ മോഷ്ടിച്ചിട്ടില്ലെന്ന് പറയുന്നപോലെ'; പിണറായി സർക്കാർ മത്സ്യതൊഴിലാളികളെ വഞ്ചിച്ചു; രാഹുൽ ഗാന്ധി (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd March 2021 07:10 PM |
Last Updated: 22nd March 2021 07:11 PM | A+A A- |
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി
കൊച്ചി: ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായി രഹസ്യ കരാർ ഒപ്പിട്ട എൽഡിഎഫ് സർക്കാർ മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്തുകൊണ്ട് കരാർ രഹസ്യമാക്കി വെച്ചെന്ന് സിപിഎം വിശദീകരിക്കണം. കള്ളത്തരം പുറത്തായപ്പോഴാണ് കരാർ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിൽ വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീട്ടിനകത്ത് കയറിയ മോഷ്ടാവ് പിടിക്കപ്പെടുമെന്നായപ്പോൾ താൻ മോഷ്ടിക്കാനല്ല കയറിയതെന്ന് പറയുന്ന പോലെയാണ് സർക്കാർ നിലപാട്. എൽ.ഡി.എഫിന്റെ ഇരട്ടത്താപ്പാണിത്. കേരളത്തിലെ ചെറുപ്പക്കാർ നിരാശരാണ്. ഇടതുപക്ഷ പോഷകസംഘടനാംഗങ്ങൾക്ക് മാത്രമാണ് സംസ്ഥാനത്ത് ജോലി ലഭിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. ചെറുപ്പക്കാർക്കും പരിചയ സമ്പന്നർക്കും പ്രാധാന്യമുള്ള സ്ഥാനാർഥി പട്ടികയാണ് കോൺഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടികയിലെ അംഗങ്ങൾ വിജയിച്ച് നിയമസഭയിലെത്തിയാൽ കേരളത്തിലെ വിവിധതരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാവുമെന്നും രാഹുൽ പറഞ്ഞു.
രാജ്യത്ത് വിദ്വേഷം ആളിക്കത്തിക്കുകയാണ്. സമൂഹത്തെ വിഭജിക്കുകയാണ് കേന്ദ്രസർക്കാറെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിർന്ന കോൺഗ്രസ് നേതാവ് താരിഖ് അൻവർ, ഹൈബി ഈഡൻ എം.പി, വിവിധ കോൺഗ്രസ് സ്ഥാനാർഥികൾ എന്നിവർ പരിപാടികളിൽ പങ്കെടുത്തു.