'ഒരുമിച്ചിരുന്ന് മദ്യപിച്ചു, ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ നാടോടി സ്ത്രീ തടിക്കഷണം കൊണ്ട് തലയ്ക്കടിച്ച് തോട്ടിലേക്ക് തള്ളിയിട്ടു'
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th March 2021 06:46 AM |
Last Updated: 24th March 2021 06:46 AM | A+A A- |
കുറുവിലങ്ങാട് കൊല്ലപ്പെട്ട ചീമ്പനായില്‍ സി എ തങ്കച്ചന്‍
കുറവിലങ്ങാട്: പഞ്ചായത്ത് ബസ് സ്റ്റാൻഡിനു സമീപം വലിയതോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുറവിലങ്ങാട് ചീമ്പനായിൽ സി എ തങ്കച്ചനെ (57) നാടോടി സ്ത്രീ കൊലപ്പെടുത്തിയതാണെന്നു പൊലീസ് കണ്ടെത്തൽ. മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തെ തുടർന്നായിരുന്നു കൊലപാതകം.
സ്റ്റാൻഡിനു സമീപം താൽക്കാലിക ഷെഡിൽ താമസിക്കുന്ന ഉഴവൂർ പുൽപാറ കരിമാക്കിൽ ബിന്ദു(31)വിനെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. മാർക്കറ്റിലെ മത്സ്യ വ്യാപാര കേന്ദ്രത്തിൽ സഹായിയായി ജോലി ചെയ്യുകയായിരുന്നു തങ്കച്ചൻ. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയോടെയാണ് ബസ് സ്റ്റാൻഡിനു സമീപത്തെ ബാറിൽ നിന്നു മദ്യം വാങ്ങിയ തങ്കച്ചൻ ബിന്ദുവിനെ കൂട്ടി വലിയതോടിന്റെ കരയിലെത്തിയത്. മദ്യലഹരിയിലായ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. തങ്കച്ചൻ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും ഇതു തടയുന്നതിനു തടിക്കഷണം ഉപയോഗിച്ചു തങ്കച്ചന്റെ തലയ്ക്കടിച്ചു എന്നാണ് ബിന്ദു പൊലീസിൽ നൽകിയ മൊഴി. തുടർന്ന് തോട്ടിലേക്കു തള്ളിയിട്ടു.
ഉച്ചസമയമായിരുന്നതിനാൽ പരിസരത്ത് ആരും ഇല്ലായിരുന്നു. വൈകിട്ട് നാലിനു തിരികെ എത്തിയ ബിന്ദു തോട്ടിൽ കമഴ്ന്നു കിടക്കുന്ന തങ്കച്ചനെയാണ് കണ്ടത്. തുടർന്ന് സഹോദരിയെയും നാട്ടുകാരെയും വിവരം അറിയിച്ചു. പൊലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഏതാനും വർഷം മുൻപ് യുവാവിനെ വെട്ടി പരുക്കേൽപിച്ച കേസിൽ പ്രതിയായിരുന്നു ബിന്ദു.