എന്റെ ഇല്ലായ്മകളെ പരിഹസിച്ചിട്ടുണ്ട്; എന്നാലും ഈ നാടിന്റെ  എംഎല്‍എയാണ്; മുഖ്യമന്ത്രി മാപ്പുപറയണം; ഉല്ലാസ്

ഇരുപത് വര്‍ഷമായി ഈ നാട്ടിലെ ജനപ്രതിനിധി ആയിരുന്നു കുഞ്ഞുമോന്‍
ഉല്ലാസ് കോവൂര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം
ഉല്ലാസ് കോവൂര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം

പത്തനംതിട്ട: എംഎല്‍എ കോവൂര്‍ കുഞ്ഞുമോനോടും കുന്നത്തൂരുകാരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാനാര്‍ഥി ഉല്ലാസ് കോവൂര്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിനിടെയാണ് കോവൂര്‍ കുഞ്ഞുമോനെ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരന്‍ കഴുത്തിന് കുത്തിപ്പിടിച്ച് തള്ളിയത്. 

ഉല്ലാസ് കോവൂരിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് നമ്മുടെ നാട്ടില്‍ എന്റെ എതിര്‍സ്ഥാനാര്‍ത്ഥി ശ്രീ കുഞ്ഞുമോന്റെ പ്രചരണത്തിനായി മുഖ്യമന്ത്രി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ വെച്ച് ഉണ്ടായ കാര്യങ്ങള്‍ നിര്‍ഭാഗ്യകരമാണ്. അദ്ദേഹം നോക്കിനില്‍ക്കുമ്പോള്‍ ആണ് കുഞ്ഞുമോന്റെ കോളറിന് കുത്തിപ്പിടിച്ച് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പുറകിലേക്ക് തള്ളിയത്. 
ഇരുപത് വര്‍ഷമായി ഈ നാട്ടിലെ ജനപ്രതിനിധി ആയിരുന്നു കുഞ്ഞുമോന്‍, ഈ നാടുമുഴുവന്‍ അദ്ദേഹത്തിന്റെ പോസ്റ്ററുകളും ഫ്‌ലക്‌സുകളുമുണ്ട്. ആ കുഞ്ഞുമോനെ ഈ നാട്ടില്‍ വെച്ച് ഇങ്ങനെ അക്രമിക്കാമെങ്കില്‍ ഈ നാട്ടിലെ സാധാരണക്കാരന്റെ ആത്മാഭിമാനത്തിന് എന്ത് വിലയാണുള്ളത്. ഒരു എംഎല്‍എ എന്ന നിലയില്‍ കുഞ്ഞുമോനോട് എന്തൊക്കെ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും, എന്റെ ഇല്ലായ്മകളെ അദ്ദേഹം പരസ്യമായി പരിഹസിച്ചിട്ടുണ്ടെങ്കിലും നിലവില്‍ അദ്ദേഹം ഈ നാടിന്റെ ജനപ്രതിനിധി ആണ്. അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അപമാനിക്കുന്നത് ഈ നാട്ടിലെ ഓരോ സാധാരണക്കാരനും നേരെയുള്ള അപമാനമാണ്. എത്രയും വേഗം എംഎല്‍എ യുടെ മേല്‍ കൈവെച്ച ആ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ച് മുഖ്യമന്ത്രി കുഞ്ഞുമോനോടും കുന്നത്തൂരുകാരോടും മാപ്പ് പറയണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com