കനത്ത ചൂടില്‍ വെന്തുരുകി പാലക്കാട്, മുണ്ടൂരില്‍ രേഖപ്പെടുത്തിയത് 41 ഡിഗ്രി താപനില; അടുക്കളയില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2021 01:09 PM  |  

Last Updated: 26th March 2021 01:09 PM  |   A+A-   |  

hot temperature in palakkad

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ഇടവേളയ്ക്ക് ശേഷം പാലക്കാട് ജില്ലയില്‍ താപനില വീണ്ടും ഉയര്‍ന്നു. ഇന്നലെ ശരാശരി താപനിലയായി 37.6 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. മലമ്പുഴ അണക്കെട്ടിലെ താപമാപിനിയിലാണ് ഈ താപനില രേഖപ്പെടുത്തിയത്. അതേ സമയം മുണ്ടൂര്‍ ഐആര്‍ടിസിയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് ചൂടു രേഖപ്പെടുത്തി. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. 

കഴിഞ്ഞ ദിവസം മുണ്ടൂരില്‍ 40.5 ഡിഗ്രിയായിരുന്നു താപനില. മലമ്പുഴയില്‍ കഴിഞ്ഞ ദിവസം 36.8 ഡിഗ്രിയായിരുന്നു ചൂട്. കനത്ത ചൂടില്‍ യാത്രക്കാരും ഉദ്യോഗസ്ഥരും വീട്ടുകാരും ഉരുകുകയാണ്. പകല്‍ സമയത്തു വീട്ടിനുള്ളില്‍ പോലും അസഹ്യമായ ചൂടാണ്. ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും തെരഞ്ഞെടുപ്പു ജോലികളുടെ തിരക്കിലാണ്. ഇടയ്ക്കു 2 വേനല്‍മഴ ലഭിച്ചെങ്കിലും ചൂടിനു കുറവില്ല.  

ചൂടിനു കാഠിന്യം കൂടിയതോടെ വീടിനകത്തും പുറത്തും അതീവ ആരോഗ്യ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്. കൂടുതല്‍ സമയം വെയിലേറ്റുള്ള യാത്രകള്‍ കഴിയുന്നതും ഒഴിവാക്കണം. ഒപ്പം ധാരാളം ശുദ്ധജലം കുടിക്കണം. പകല്‍ 11 മുതല്‍ വൈകിട്ടു 3 വരെയുള്ള യാത്രകള്‍ കഴിയുന്നതും നിയന്ത്രിക്കുന്നതാണു കൂടുതല്‍ ആരോഗ്യകരമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. രാഷ്ടീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ചൂടിനനുസരിച്ചു പ്രചാരണം നിയന്ത്രിക്കുന്നത് ആശ്വാസമേകുന്നു. വീടിനുള്ളില്‍ ചൂടു കൂടി താപാഘാതത്തിനും സാധ്യത ഉണ്ട്. ജനലും വാതിലും തുറന്നു വീടിനുള്ളില്‍ വായുസഞ്ചാരം ഉറപ്പാക്കണം.  ഭക്ഷണം പാചകം ചെയ്യുമ്പോള്‍ അടുക്കളയുടെ വാതിലും ജനലും തുറന്നിടണം. ഇല്ലെങ്കില്‍ അടുക്കളക്കകത്തു ചൂടു കൂടി അത്യാഹിതങ്ങള്‍ സംഭവിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.