അവശ്യസര്‍വീസുകാര്‍ക്കുള്ള തപാല്‍ വോട്ട് ഇന്നുമുതല്‍; ക്രമീകരണം ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2021 07:55 AM  |  

Last Updated: 28th March 2021 07:55 AM  |   A+A-   |  

kerala election

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസില്‍പെട്ടവര്‍ക്കുള്ള തപാല്‍ വോട്ടെടുപ്പിന് ഇന്നു തുടക്കം. അതതു നിയോജക മണ്ഡലങ്ങളില്‍ ക്രമീകരിച്ചിട്ടുള്ള പ്രത്യേക തപാല്‍ വോട്ടിങ് കേന്ദ്രത്തിലാണ് ഈ വോട്ടെടുപ്പ്. അപേക്ഷ നല്‍കി അര്‍ഹരായ സമ്മതിദായകര്‍ക്കു രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഈ കേന്ദ്രങ്ങളിലെത്തി വോട്ടു രേഖപ്പെടുത്താം. വോട്ടെടുപ്പ് 30 വരെ തുടരും. 

അവശ്യ സര്‍വീസ് വിഭാഗത്തിലുള്ളവരും തെരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ളവരുമായ ജീവനക്കാര്‍ക്കാണു തപാല്‍ വോട്ട് അനുവദിച്ചിരിക്കുന്നത്. തപാല്‍ ബാലറ്റിനായി നല്‍കിയ അപേക്ഷകള്‍ വരണാധികാരികള്‍ പരിശോധിച്ച് എസ്എംഎസ് മുഖേനയോ ബന്ധപ്പെട്ട വകുപ്പിലെ നോഡല്‍ ഓഫിസര്‍, ബിഎല്‍ഒ എന്നിവര്‍ വഴിയോ വോട്ടു ചെയ്യേണ്ട ദിവസവും സമയവും വോട്ടിങ് കേന്ദ്രം സംബന്ധിച്ച വിവരങ്ങളും അറിയിക്കും. ഇത്തരത്തിലുള്ള ജീവനക്കാര്‍ക്ക് തപാല്‍ വോട്ടിങ് കേന്ദ്രത്തില്‍ മാത്രമേ വോട്ടു ചെയ്യാന്‍ കഴിയൂ. ഏപ്രില്‍ ആറിനു ബൂത്തില്‍ വോട്ട് അനുവദിക്കില്ല.