കോവിഡ് പേടിച്ച് ആരും അടുത്തില്ല, അമ്മയുടെ മൃതദേഹത്തിനരികിൽ ഒന്നരവയസ്സുകാരൻ കഴിഞ്ഞത് രണ്ട് ദിവസത്തിലേറെ 

വീട്ടുടമ വിവരമറിയിച്ച് എത്തിയ വനിതാ പൊലീസാണ് കുഞ്ഞിനെ രക്ഷിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പുണെ: കോവിഡ് ഭയന്ന് ആളുകൾ എടുക്കാൻ മടിച്ച 18 മാസം പ്രായമായ ആൺകുഞ്ഞ് അമ്മയുടെ മൃതദേഹത്തിനരികിൽ കഴിഞ്ഞത് രണ്ട് ദിവസത്തിലേറെ. പുണെയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന സ്ത്രീ മരിച്ചതിന് പിന്നാലെയാണ് ഭക്ഷണമോ, വെള്ളമോ ലഭിക്കാതെ കുഞ്ഞ് അനാഥനായത്. മൃതദേഹത്തിന്റെ ഗന്ധം രൂക്ഷമായതോടെ വീട്ടുടമ വിവരമറിയിച്ച് എത്തിയ വനിതാ പൊലീസാണ് കുഞ്ഞിനെ രക്ഷിച്ചത്. 

മരണം സംഭവിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇതനുസരിച്ച് ഉദ്യോ​ഗസ്ഥർ വീട്ടിലെത്തിയപ്പോഴാണ് കു‍ഞ്ഞിനെ കണ്ടത്. കോവിഡ് ഭയം മൂലം സഹായത്തിന് ആരും തയാറായില്ല. ഒടുവിൽ വനിതാ കോൺസ്റ്റബിൾമാർ എത്തിയാണ് കുട്ടിക്ക് പാൽ നൽകിയത്. 

അമ്മയുടെ പോസ്റ്റ്മോർട്ടം ഫലം ലഭിക്കാനുണ്ടെന്നും എന്നാൽ മാത്രമേ കോവിഡ് മരണമാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പൊലീസ് പറ‍ഞ്ഞു. പരിശോധനയിൽ നെ​ഗറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കുട്ടിയെ സർക്കാർ ശിശുഭവനത്തിലേക്ക് മാറ്റി. 'ആറും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് ഞാൻ. എന്റെ സ്വന്തം കുട്ടിയെപ്പോലെയാണ് എനിക്കപ്പോൾ തോന്നിയത്. കുട്ടി വളരെ വേഗത്തിലാണ് പാൽ കുടിച്ചത്. വല്ലാതെ വിശന്നിട്ടുണ്ടാവണം,' കോൺസ്റ്റബിൾ സുശീല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com