ആശുപത്രികളിലെ പകുതി കിടക്കകൾ കോവിഡ് ചികിത്സയ്ക്ക്, സഹകരണ, ഇഎസ്ഐ ആശുപത്രികൾ കോവിഡിന് മാത്രം

കോവിഡ് ചികിത്സയ്ക്കുള്ള കിടക്കകളുടെ 25 ശതമാനത്തിൽ രോഗികളെ പ്രവേശിപ്പിക്കാനുള്ള അധികാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കായിരിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ ആശുപത്രികളിലെ പകുതി കിടക്കകളും കോവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കാൻ സർക്കാർ തീരുമാനിച്ചു. സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പടെ ഇത് നടപ്പിലാക്കും. കോവിഡ് ചികിത്സയ്ക്കുള്ള കിടക്കകളുടെ 25 ശതമാനത്തിൽ രോഗികളെ പ്രവേശിപ്പിക്കാനുള്ള അധികാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കായിരിക്കും.

സ്വകാര്യ ആശുപത്രികളിലും സ്വകാര്യ മെഡിക്കൽ കോളേജുകളിലും ഉൾപ്പെടെയാണ് പകുതിയോളം കിടക്കകൾ  കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കു. സഹകരണ, ഇ.എസ്.ഐ. ആശുപത്രികൾ പൂർണമായും കോവിഡ് ചികിത്സയ്ക്കു മാത്രമാക്കും. ദുരന്തനിവാരണ നിയമം അനുസരിച്ചാണ് സർക്കാരിന്റെ തീരുമാനം. 

സ്വകാര്യ ആശുപത്രികളിൽ 25 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കാൻ നേരത്തേ സർക്കാർ നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു. എന്നാൽ, രണ്ടാംതരംഗം രൂക്ഷമാവുന്നതിനാൽ അസാധാരണ നടപടിയെന്നനിലയ്ക്കാണ് കൂടുതൽ കിടക്കകൾ മാറ്റിവെക്കുന്നത്. എല്ലാ പ്രധാന ആശുപത്രികളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഇൻസിഡന്റ് കമാൻഡർമാർ ഉണ്ടാവും. ഗുരുതരമല്ലാത്ത കോവിഡ് രോഗികളെയും കോവിഡ് അല്ലാത്ത മറ്റു രോഗങ്ങളുള്ളവരെയും ആശുപത്രികളിൽ കിടത്തിച്ചികിത്സിക്കുന്നത് കുറയ്ക്കും. എന്നാൽ, അടിയന്തര ചികിത്സ ആവശ്യമുള്ള കോവിഡ് ഇതര രോഗികൾക്ക് ചികിത്സ ഉറപ്പാക്കും.

ആരോഗ്യമേഖലയിലെ സൗകര്യങ്ങളെക്കുറിച്ച് അറിയാനും സേവനങ്ങൾ ലഭിക്കാനും അതതു ജില്ലകളിലെ ഡിസ്ട്രിക്ട് പ്രോഗ്രാം സപ്പോർട്ട് യൂണിറ്റുകളിലെ (ഡി.പി.എം.എസ്.യു.) കോൾ സെന്റർ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചികിത്സ ആവശ്യമായിവരുന്നവർ നേരിട്ട് ആശുപത്രികളിൽ പോയി അഡ്മിറ്റ് ആകുന്നതിനു പകരം ആദ്യം ജില്ലാ കൺേട്രാൾ റൂമിലോ അടുത്തുള്ള ആരോഗ്യപ്രവർത്തകരെയോ അറിയിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com