എന്‍ഡിഎയില്‍ പൊട്ടിത്തെറി; തുഷാര്‍ വെള്ളാപ്പള്ളി സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചേക്കും 

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് തുഷാര്‍ വെള്ളാപ്പള്ളി
തുഷാര്‍ വെള്ളാപ്പള്ളി/ഫയല്‍
തുഷാര്‍ വെള്ളാപ്പള്ളി/ഫയല്‍

കൊച്ചി: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ബിഡിജെഎസ് നേതാവ്‌ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് യോഗത്തിലാണ് തുഷാര്‍ രാജിസന്നദ്ധത അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ അവഗണനയില്‍ പ്രതിഷേധിച്ചാണ് തുഷാര്‍ വെള്ളാപ്പള്ളി രാജിവെയ്ക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസിന് വന്‍ വോട്ട് ചോര്‍ച്ചയാണ് ഉണ്ടായത്. 2016നെ അപേക്ഷിച്ച് മിക്ക മണ്ഡലങ്ങളിലും 5,000 മുതല്‍ 10,000 ത്തിലേറെ വരെ വോട്ടുകളുടെ കുറവാണ് ഉണ്ടായത്. ബിജെപിയില്‍നിന്ന് ഏറ്റെടുത്ത് മത്സരിച്ച പല മണ്ഡലങ്ങളിലും വന്‍ ഇടിവുണ്ടായി. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ അവഗണനയ്ക്ക് പുറമേ ഏകപക്ഷീമായി സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തതും അണികളില്‍ അതൃപ്തിക്ക് ഇടയാക്കി എന്നാണ് ബിഡിജെഎസ് വിലയിരുത്തല്‍.

പാര്‍ട്ടി മത്സരിച്ച പല മണ്ഡലങ്ങളിലും ബിജെപി വോട്ടു മറിച്ചു എന്ന ആരോപണവും ബിഡിജെഎസ് ഉയര്‍ത്തുന്നുണ്ട്. ഇക്കാര്യങ്ങളിലുള്ള പ്രതിഷേധം ബിജെപി കേന്ദ്ര നേതൃത്വത്തെ ബിഡിജെഎസ് അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രചാരണസമയത്ത് ബിജെപി ദേശീയ നേതാക്കള്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ വരാതിരുന്നതും ഇരുപാര്‍ട്ടികളും തമ്മിലുള്ള മുറുമുറുപ്പ് വര്‍ധിപ്പിച്ചതായാണ് വിവരം.

ഇടുക്കിയിലെ മണ്ഡലങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയാണ് ഏറ്റവും ശ്രദ്ധേയമായത്. മന്ത്രി എം എം മണി വന്‍ഭൂരിപക്ഷത്തിനു ജയിച്ച ഉടുമ്പന്‍ചോലയില്‍ 2016 ല്‍ ബിഡിജെഎസിന് 21,799 വോട്ടാണ് ലഭിച്ചത്. ഇക്കുറി ബിഡിജെഎസിന്റെ സന്തോഷ് മാധവന് കിട്ടിയത് വെറും 7,208 വോട്ട്. റോഷി അഗസ്റ്റിന്‍ ജയിച്ച ഇടുക്കിയില്‍ ഇക്കുറി ബിഡിജെഎസിന്റെ സംഗീത വിശ്വനാഥന്‍ നേടിയത് 9,286 വോട്ടാണ്. 2016 ല്‍ പാര്‍ട്ടിക്ക് 27,403 വോട്ടുണ്ടായിരുന്നു.

തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് സിപിഐയില്‍നിന്നു വന്നയാളെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ കുട്ടനാട് ബിഡിജെഎസിന് ഉണ്ടായത് വന്‍ തിരിച്ചടി. കഴിഞ്ഞ തവണ സുഭാഷ് വാസു 33,000ല്‍ ഏറെ വോട്ടു നേടിയിടത്ത് ഇത്തവണ തമ്പി മേട്ടുതറയ്ക്കു നേടാനായത് പതിനയ്യായിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com