സതീശനെതിരെ ഒറ്റക്കെട്ടായി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും, പിന്തുണയ്ക്കാതെ ആന്റണി; ഗ്രൂപ്പ് സമവാക്യം മാറുന്നു

കെപിസിസി നേതൃത്വം താന്‍ ഏറ്റെടുക്കാമെന്നും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി കേരളത്തിലെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാമെന്നുമുള്ള നിര്‍ദേശം ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനു മുന്നില്‍ വച്ചെന്നാണ്
ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്



തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ കണ്ടെത്താനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമങ്ങള്‍ തുടരുന്നതിനിടെ, സംസ്ഥാനത്തെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയുന്നു. വിഡി സതീശന്‍ പ്രതിപക്ഷ നേതാവ് ആവുന്നതിനെതിരെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒറ്റക്കെട്ടായാണ് രംഗത്തെത്തിയത്. ഹൈക്കമാന്‍ഡില്‍ നിര്‍ണായക സ്വാധീനമുള്ള എകെ ആന്റണി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ചെന്നിത്തലയെയോ സതീശനെയോ പിന്തുണയ്ക്കുന്നില്ലെന്നാണ് സൂചന.

ഇരുപത്തിയൊന്നംഗ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ 12 പേര്‍ സതീശനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഭൂരിപക്ഷം മാനിച്ച് സതീശനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഹൈക്കമാന്‍ഡ്. എന്നാല്‍ അപ്രതീക്ഷിതമായാണ് സതീശനെതിരെ ഉമ്മന്‍ ചാണ്ടി രംഗത്തുവന്നത്. രമേശിനെ തന്നെ പ്രതിപക്ഷ നേതാവായി നിലനിര്‍ത്തണമെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു.

ഗുലാം നബി ആസാദ്, കമല്‍നാഥ്, പി ചിദംബരം, മുകള്‍ വാസ്‌നിക് എന്നിവര്‍ വഴിയാണ്, പദവിയില്‍ തുടരാന്‍ ചെന്നിത്തല സമ്മര്‍ദം തുടരുന്നത്. ഇവര്‍ ആന്റണിയുടെ അഭിപ്രായം ആരാഞ്ഞെങ്കിലും ചെന്നിത്തലയെയോ സതീശനെയോ പിന്തുണയ്ക്കാന്‍ ആന്റണി തയാറായില്ലെന്നാണ് അറിയുന്നത്. വിഡി സതീശന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ പിന്തുണയുണ്ട്.

ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി നിലനിര്‍ത്തിയാല്‍ കെപിസിസി നേതൃത്വം താന്‍ ഏറ്റെടുക്കാമെന്നും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി കേരളത്തിലെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാമെന്നുമുള്ള നിര്‍ദേശം ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനു മുന്നില്‍ വച്ചെന്നാണ് സൂചന. ചെന്നിത്തയെ മാറ്റണം എന്ന് ആവശ്യപ്പെടുന്നവരുടേത് ആവേശം മാത്രമാണെന്നും പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോവാന്‍ അതു മതിയാവില്ലെന്നും ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. 

അതിനിടെ സതീശനെ പിന്തുണയ്ക്കുകയാണെന്ന് വ്യക്തമായ സൂചന നല്‍കി മുതിര്‍ന്ന നേതാക്കളായ കെ മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്തുവന്നു. പാര്‍ട്ടിയില്‍ തലമുറ മാറ്റം വേണമെന്നാണ് ഇവരുടെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com