മാതാപിതാക്കള്‍ കോവിഡ് ബാധിച്ചു മരിച്ച കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കും; മുഖ്യമന്ത്രി

മാതാപിതാക്കള്‍ കോവിഡ് ബാധിച്ച് മരിച്ച കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പിണറായി വിജയന്‍/ഫയല്‍
പിണറായി വിജയന്‍/ഫയല്‍



തിരുവനന്തപുരം: മാതാപിതാക്കള്‍ കോവിഡ് ബാധിച്ച് മരിച്ച കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള നടപടികള്‍ സംബന്ധിച്ച് പരിശോധന നടത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സംസ്ഥാനത്ത് രോഗികളുടെ എണ്ണം പതുക്കെ കുറയുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 22.6 ശതമാനമാണ്. സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം 10 ദിവസങ്ങള്‍ക്കു മുന്‍പ് നാലര ലക്ഷത്തിനടുത്ത് എത്തിയത് ഇന്നലെയുള്ള കണക്കനുസരിച്ച് 2,77,598 ആയി കുറഞ്ഞിരിക്കുന്നു. ഇന്നത് 2,59,179 ആണ്. 

രോഗവ്യാപനത്തെ കുറച്ചുകൊണ്ടുവരാന്‍ ലോക്ക്ഡൗണ്‍ സഹായകമായിരിക്കുന്നു എന്ന് അനുമാനിക്കാം. പത്തു ദിവസങ്ങള്‍ക്കു മുന്‍പ് കോവിഡ് രോഗികളില്‍ ഏകദേശം 91 ശതമാനം ആളുകളെ വീടുകളിലും 9 ശതമാനം ആളുകളെ ആശുപത്രിയിലുമാണ് ചികിത്സിച്ചിരുന്നത്. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സിക്കുന്നവരുടെ എണ്ണം ഏകദേശം 14 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ആശുപത്രികളിലെ തിരക്ക് കുറയുന്ന സാഹചര്യം ഇനിയും വന്നിട്ടില്ല. അതിന് ഇനിയും രണ്ടു മൂന്നാഴ്ചകള്‍ കൂടി പിന്നിടേണ്ടി വരും. മരണസംഖ്യ കുറയുന്നതിനും അത്രയും സമയം വേണ്ടി വന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com