കോഴിക്കോട് കനത്ത മഴ: തൊട്ടില്‍പാലം -വയനാട് പാതയില്‍ യാത്ര നിരോധിച്ചു; ചുരം വഴി യാത്ര ഒഴിവാക്കണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2021 09:29 PM  |  

Last Updated: 02nd November 2021 09:29 PM  |   A+A-   |  

rain_

വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

കോഴിക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കുറ്റ്യാടി - വയനാട് റോഡിലുള്ള ഗതാഗതം നിരോധിച്ചു. ഇന്ന് രാത്രി ഇതുവഴി അടിയന്തിരാവശ്യങ്ങള്‍ക്കല്ലാതെയുള്ള ഗതാഗതം നിരോധിച്ചതായി കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ. എന്‍ തേജ്‌ലോഹിത് റെഡ്ഡി കൂടി അറിയിച്ചു.

ജില്ലയില്‍ തുടരുന്ന കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ ശക്തമായ മഴയുള്ളതിനാല്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി. 

അതേസമയം മണിക്കൂറുകള്‍ നീണ്ട മഴയില്‍ കുറ്റിയാടി ചുരത്തില്‍ വ്യാപക മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. വെള്ളുവം കുന്ന് മലയില്‍ ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് വയനാട് റോഡിലേക്ക് കല്ലും മണ്ണും ഒലിച്ചെത്തി ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.

ഉച്ചയ്ക്ക് തുടങ്ങിയ മഴ വൈകുന്നേരം വരെ നീണ്ടുനിന്നതോടെയാണ് ഉരുള്‍ പൊട്ടിയത്. മൂന്നാം വളവില്‍ മണ്ണിടിച്ചിലുണ്ടായി , മരം വീഴുകയും ചെയ്തു. ഇതോടെ പലരും വഴിയില്‍ പെട്ടു.