കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഇബ്രാഹിം കുഞ്ഞിന് ആശ്വാസം; ഇഡി അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2021 02:43 PM  |  

Last Updated: 02nd November 2021 02:43 PM  |   A+A-   |  

Ibrahim kunju ex minister

വികെ ഇബ്രാഹിം കുഞ്ഞ്/ഫയല്‍

 

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ ഇഡി അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് ആഴ്ചത്തേക്കാണ് അന്വേഷണം സ്‌റ്റേ ചെയ്തത്. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞ് നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ  നടപടി.

ഹർജിയിൽ രണ്ടാഴ്ചയ്‌ക്ക് ശേഷം വിശദമായ വാദം കേൾക്കുമെന്ന് ഹൈക്കോടതി ഡിവിഷൻബെഞ്ച് വ്യക്തമാക്കി. തന്റെ ഭാഗം കേൾക്കാതെയാണ് അന്വേഷണത്തിനുത്തരവിട്ടുകൊണ്ടുള്ള കോടതി നടപടിയെന്നും ഇത് രാഷ്‌ട്രീയ പ്രേരിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിംകുഞ്ഞ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

 തനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ രാഷ്‌ട്രീയ പ്രേരിതമാണെന്നും ഇബ്രാഹിംകുഞ്ഞ് ആരോപിച്ചിരുന്നു. കളമശ്ശേരി സ്വദേശി നൽകിയ പരാതിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഇബ്രാഹിം കുഞ്ഞിനെതിരെ ഇഡി അന്വേഷണം നടത്താൻ ഉത്തരവിട്ടത്. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണം, ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴി വെളുപ്പിച്ചുവെന്നാണ് ഇബ്രാഹിംകുഞ്ഞിനെതിരായ കേസ്.