പുറത്തേക്ക് ഒഴുക്കുന്നതിനേക്കാള്‍ അധികം അണക്കെട്ടിലേക്ക്; നീരൊഴുക്ക് കൂടി; മുല്ലപ്പെരിയാറില്‍ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാനിര്‍ദേശം

കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്ന സാഹചര്യത്തിൽ പെരിയാർ തീരവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി
മുല്ലപ്പെരിയാർ / ഫയല്‍ ചിത്രം
മുല്ലപ്പെരിയാർ / ഫയല്‍ ചിത്രം

കുമളി : നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ രണ്ടു ഷട്ടറുകള്‍ കൂടി തുറക്കുന്നു. രണ്ടു ഷട്ടറുകള്‍ കൂടി 60 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. 3981 ക്യൂസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കി കളയും. ഈ പശ്ചാത്തലത്തില്‍ പെരിയാര്‍ തീരവാസികള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

നിലവില്‍ 3005 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിട്ടുകൊണ്ടിരുന്നത്. ഇന്നലെ രാത്രി മുതല്‍ പെയ്ത ശക്തമായ മഴയില്‍ അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് ഉയര്‍ന്നു. നീരൊഴുക്കും ശക്തമായിട്ടുണ്ട്. പുറത്തേക്ക് ഒഴുക്കുന്നതിനേക്കാള്‍ കൂടുതല്‍ ജലം നീരൊഴുക്കിലൂടെ അണക്കെട്ടിലേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുക ലക്ഷ്യമിട്ടാണ് കൂടുതല്‍ ഷട്ടറുകള്‍ തുറക്കുന്നത്. 

ജാഗ്രതാ നിര്‍ദേശം

അണക്കെട്ടിലെ ജലനിരപ്പ് കൂടിയതോടെ അഞ്ച് ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയിരുന്നു. ഇതോടെ ആറു  ഷട്ടറുകള്‍ 60 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 3,005 ഘനയടി വെള്ളമാണ് പുറത്തേക്ക് വിട്ടിരുന്നത്. 138.95 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. കൂടുതല്‍ ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരവാസികള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. 

നേരത്തെ, ജലനിരപ്പ് കുറഞ്ഞതോടെയാണ് അണക്കെട്ടിലെ അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ ഇന്നലെ തമിഴ്നാട് അടച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് ഒന്ന്, അഞ്ച്, ആറ് ഷട്ടറുകള്‍ അടച്ചത്. സംഭരണിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെയായിരുന്നു നടപടി. 

ഇടുക്കിയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

ഇടുക്കിയിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടുക്കി അടക്കം 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 
കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്കു സാധ്യതയെന്നാണ് അറിയിപ്പ്. ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും (അതിശക്തമായ മഴ) ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com