'ന്യൂമോണിയ തടയാം'; സംസ്ഥാനത്ത് സാന്‍സ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് 

ന്യൂമോണിയയ്‌ക്കെതിരെ സംസ്ഥാനത്ത് സാന്‍സ്  പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഫയല്‍
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഫയല്‍

തിരുവനന്തപുരം: ന്യൂമോണിയയ്‌ക്കെതിരെ സംസ്ഥാനത്ത് സാന്‍സ്  പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ മാസം ആരംഭിച്ച് ഫെബ്രുവരി മാസം വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ന്യൂമോണിയയെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, എത്രയും വേഗം ചികിത്സ ലഭ്യമാക്കുക, പരിശീലനം നല്‍കുക, ഫീല്‍ഡ്തല ജീവനക്കാരെ സജ്ജമാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. പലപ്പോഴും താമസിച്ച് ചികിത്സ തേടുന്നതാണ് ന്യൂമോണിയ ഗുരുതരമാകാനും മരണങ്ങള്‍ക്കും കാരണമാകുന്നത്. ഇത് ഒഴിവാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

'ന്യൂമോണിയ തടയാം ഓരോ ശ്വാസവും വിലപ്പെട്ടത്' എന്നതാണ് ഈ വര്‍ഷത്തെ ന്യൂമോണിയ ദിന സന്ദേശം. അണുബാധ കാരണം ഏറ്റവുമധികം പേരെ മരണത്തിലേക്ക് നയിക്കുന്ന രോഗമാണ് ന്യൂമോണിയ. കൂട്ടികളേയും പ്രായമായവരേയുമാണ് രോഗം കൂടുതലായി ബാധിക്കുന്നത്. ന്യൂമോണിയ തടയാനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. കുട്ടികളിലെ ന്യൂമോകോക്കല്‍ ന്യൂമോണിയ തടയാന്‍ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ നല്‍കുന്നു. ഇപ്പോള്‍ ഈ വാക്‌സിന്‍ എല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് സാന്‍സ്  പദ്ധതി

അണുബാധ നിമിത്തം ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടാകുകയും അത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ന്യൂമോണിയ. ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതെയോ ഗുരുതരമല്ലാത്ത ലക്ഷണങ്ങളോടു കൂടിയോ ന്യൂമോണിയ പ്രത്യക്ഷപ്പെടാം. വിവിധ തരത്തിലുള്ള ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മാണുക്കളാണ് ന്യൂമോണിയക്ക് കാരണമാകുന്നത്.

ആര്‍ക്കു വേണമെങ്കിലും ന്യൂമോണിയ വരാമെങ്കിലും 5 വയസിന് താഴെയുള്ള കുട്ടികളേയും പ്രായമായവരേയും സിഒപിഡി, പ്രമേഹം, ഹൃദ്രോഗം, മറ്റ് ഗുരുതര രോഗങ്ങള്‍ ഉള്ളവരേയും പ്രതിരോധശേഷി കുറഞ്ഞവരേയുമാണ് കൂടുതലും ബാധിക്കുന്നത്. ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട്, നെഞ്ചുവേദന, കഫത്തോടുകൂടിയ ചുമ, പനി, വിയര്‍ക്കല്‍, വിറയല്‍, ക്ഷീണവും സ്ഥലകാലബോധമില്ലായ്മയും (പ്രത്യേകിച്ച് പ്രായമായവരില്‍) എന്നിവയാണ് ന്യൂമോണിയയുടെ പ്രധാന ലക്ഷണങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com