നവവരനെ തട്ടിക്കൊണ്ടുപോയി, വിവാഹബന്ധം ഒഴിയണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍; ജനനേന്ദ്രിയത്തിലടക്കം ക്രൂരമായി മര്‍ദ്ദിച്ചു, പരാതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2021 10:02 PM  |  

Last Updated: 15th November 2021 10:02 PM  |   A+A-   |  

CRIME NEWS

പ്രതീകാത്മക ചിത്രം

 

മലപ്പുറം: കോട്ടക്കലില്‍ നവവരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. ഭാര്യയുടെ ബന്ധുക്കളാണ് ചെങ്കുവട്ടി സ്വദേശി അബ്ദുള്‍ അസീബിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ അസീബിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  തട്ടിക്കൊണ്ടുപോയ മൂന്നു പേരെ കോട്ടക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ അസീബിനെ അവിടെ നിന്നാണ് കാറിലെത്തിയ മൂന്നംഗ സംഘം ബലമായി തട്ടിക്കൊണ്ടു പോയത്. ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപെട്ടു. വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതിയില്‍ പറയുന്നു.

ഒന്നര മാസം മുമ്പാണ് അബ്ദുള്‍ അസീസ് വിവാഹിതനായത്. ഭാര്യയുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും അത് പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതെന്നും  അബ്ദുള്‍ അസീബ് പറഞ്ഞു. സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന്  പൊലീസെത്തിയാണ് രക്ഷിച്ചത്.