മറ്റുള്ളവര്‍ക്കു ശല്യം ഉണ്ടാക്കാതെ സ്വകാര്യസ്ഥലത്തു മദ്യപിക്കുന്നത് കുറ്റകരമല്ല : ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2021 08:33 AM  |  

Last Updated: 16th November 2021 08:33 AM  |   A+A-   |  

It is not a crime to drink alcohol in a private place

പ്രതീകാത്മക ചിത്രം


 

കൊച്ചി : മറ്റുള്ളവര്‍ക്കു ശല്യം ഉണ്ടാക്കാതെ സ്വകാര്യസ്ഥലത്തു മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. മദ്യത്തിന്റെ മണം ഉണ്ടെന്ന പേരില്‍ ഒരു വ്യക്തി മദ്യലഹരിയില്‍ ആണെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി. പൊതുസ്ഥലത്തു മദ്യപിച്ചു ബഹളമുണ്ടാക്കുന്നതിന് ബാധകമായ കേരള പൊലീസ് നിയമത്തിലെ 118(എ) വകുപ്പിനു വ്യാഖ്യാനം നല്‍കിക്കൊണ്ടാണ് കോടതി നടപടി.

ലഹരിയുടെ സ്വാധീനത്തില്‍ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് പൊതുസ്ഥലത്ത് ലഹള ഉണ്ടാക്കുമ്പോഴാണ് ഈ വകുപ്പ് ബാധകമാകുന്നതെന്ന് കോടതി വ്യക്തമാക്കി. അനധികൃത മണല്‍വാരല്‍ കേസിലെ പ്രതിയെ തിരിച്ചറിയാന്‍ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയ വില്ലേജ് അസിസ്റ്റന്റ് മദ്യലഹരിയില്‍ ആയിരുന്നു എന്നാരോപിച്ചു കേസ് എടുത്തത് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്.

വില്ലേജ് അസിസ്റ്റന്റ് ആയ കൊല്ലം സ്വദേശി സലിംകുമാര്‍ ആണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ബദിയടുക്ക പൊലീസ് മറ്റൊരു കേസിലെ പ്രതിയെ തിരിച്ചറിയാനായി 2013 ഫെബ്രുവരി 26നു വൈകിട്ട് 7ന് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു. അപരിചിതനായ പ്രതിയെ തിരിച്ചറിയാന്‍ ഹര്‍ജിക്കാരനു കഴിഞ്ഞില്ല.

ഇതേത്തുടര്‍ന്ന് പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാണ് പരാതി. വൈദ്യപരിശോധനയും രക്തപരിശോധനയും നടത്തിയില്ല. ഹര്‍ജിക്കാരന്‍ മദ്യം കഴിച്ചിരുന്നെങ്കില്‍പോലും നിയന്ത്രണം വിട്ട് സ്‌റ്റേഷനില്‍ കലാപമോ ശല്യമോ ഉണ്ടാക്കിയെന്നു കരുതാന്‍ വസ്തുതകളില്ലെന്ന് കോടതി പറഞ്ഞു. കോടതി സലിംകുമാറിനെ കുറ്റവിമുക്തനാക്കി.