'ഒരു രാത്രി മഴ പെയ്താല്‍ മുങ്ങുന്ന കേരളത്തിന് എന്തിനാണ് സില്‍വര്‍ ലൈന്‍?'; പിണറായിക്ക് മോദിയുടെ സ്വരം; വിമര്‍ശിച്ച് വി ഡി സതീശന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2021 11:08 AM  |  

Last Updated: 17th November 2021 11:12 AM  |   A+A-   |  

satheesan and pinarayi vijayan

വി ഡി സതീശൻ, പിണറായി വിജയൻ / ഫയൽ ചിത്രം

 

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേ രീതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും കാര്യങ്ങളോട് പ്രതികരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സില്‍വര്‍ ലൈനിനെതിരെ പരാതി ഉന്നയിച്ചപ്പോള്‍ ദേശദ്രോഹികളുടെ ഒപ്പം നിന്നു സംസാരിക്കുന്നു എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അവര്‍ രാജ്യദ്രോഹികളാണെന്ന് പറയും. പിണറായി വിജയന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ദേശദ്രോഹികളാണെന്നും പറയുമെന്ന് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. 

ഇത് ഏകാധിപതികളുടെ പൊതു സ്വഭാവമാണ്. ഞങ്ങളുടെ അടുത്ത് അതൊന്നും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.  സില്‍വര്‍ ലൈനിനെ സംബന്ധിച്ച് പ്രതിപക്ഷം മൂന്ന് പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. പാരിസ്ഥിതിക ആഘാതപഠനം നടത്താതെ, ഇതുപോലൊരു പ്രോജക്ടുമായി മുന്നോട്ടുപോകാന്‍ എങ്ങനെ സര്‍ക്കാരിന് ധൈര്യം വരുന്നുവെന്ന് വിഡി സതീശന്‍ ചോദിച്ചു. 

സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ് എങ്ങനെയാണ് ഇത് മാനേജ് ചെയ്യുന്നത്. സ്റ്റേറ്റ് തകര്‍ന്ന് തരിപ്പണമായിരിക്കുന്നുവെന്നാണ് കഴിഞ്ഞദിവസം നിയമസഭയില്‍ വെച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. പദ്ധതിയില്‍ സുതാര്യത വേണം. ഒരു രാത്രി മഴ പെയ്താല്‍ മുങ്ങുന്ന കേരളത്തിന് എന്തിനാണ് സില്‍വര്‍ ലൈന്‍. ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം സാഡിസ്റ്റ് എന്നും ദേശദ്രോഹി എന്നും വിളിച്ച് ആക്ഷേപിച്ചിട്ട് എന്തു കാര്യമെന്നും സതീശന്‍ ചോദിച്ചു. 

മോഡലുകളുടെ മരണത്തില്‍ ദുരൂഹത

കൊച്ചിയിലെ മോഡലുകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതിലെ ദുരുഹത പുറത്തുകൊണ്ടുവരണം. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. അതിനാല്‍ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

തലേദിവസം ആ ഹോട്ടലില്‍ നടന്ന സംഭവങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കണം. ആ ഹോട്ടലില്‍ ആരെല്ലാമാണ് ഉണ്ടായിരുന്നത് എന്നു പുറത്തുവരണം. മോഡലുകള്‍ക്ക് പിറകേ പോയ വാഹനങ്ങള്‍ ആരുടേതാണ് എന്നു കണ്ടെത്തണം. തങ്ങള്‍ക്ക് കിട്ടിയിട്ടുള്ള വിവരം അനുസരിച്ച് അതൊരു സാധാരണ മരണമല്ലെന്നും സതീശന്‍ പറഞ്ഞു. 

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി അടക്കം എല്ലാ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കൂടിയാലോചന നടത്തി പ്രശ്‌നം പരിഹരിക്കും. മുതിര്‍ന്ന നേതാക്കളുമായി സംസാരിക്കും. അവരുടെ നിര്‍ദേശം പരിഗണിക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അഹോരാത്രം പ്രയത്‌നിക്കുകയാണ്. സുധാകരനെതിരെ ആരും പരാതി പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.