മാറാട് കലാപം: ഒളിവില്‍ പോയി പിടിയിലായ രണ്ടു പേര്‍ക്ക് ഇരട്ട ജീവപര്യന്തം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2021 01:45 PM  |  

Last Updated: 23rd November 2021 01:45 PM  |   A+A-   |  

marad case convicts

മാറാട് കേസ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍/ടിവി ചിത്രം

 

കോഴിക്കോട്: മാറാട് കൂട്ടക്കൊല കേസിലെ ഒളിവില്‍ പോയ രണ്ടു പ്രതികള്‍ക്ക് കോടതി ഇരട്ട ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു.  തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോന്‍, നൂറ്റി നാല്‍പത്തിയെട്ടാം പ്രതി നിസാമുദ്ദീന്‍ എന്നിവരെയാണ് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.

സ്‌ഫോടക വസ്തു കൈവശം വച്ചതിനും മതസ്പര്‍ധ വളര്‍ത്തിയതിനുമാണ് കോയമോന് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി രണ്ടായിരം രൂപ പിഴയും  വിധിച്ചത്. കൊലപാതകം, മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക തുടങ്ങിയവയാണ് നിസാമുദീനെതിരായ കുറ്റങ്ങള്‍. നിസാമുദ്ദീന്‍ ഇരട്ട ജീവപര്യന്തം തടവിനു പുറമേ 56,000 രൂപ പിഴ ഒടുക്കണം. 

2003 മേയ് 2 ന് ആയിരുന്നു ഒന്‍പത് പേര്‍ മരിച്ച മാറാട് കലാപം. 2011 ജനുവരി 23ന് സൗത്ത് ബീച്ചില്‍ ഒളിവില്‍ താമസിക്കുന്നതിനിടയിലാണ് കോയമോന്‍ പിടിയിലാവുന്നത്. വിചാരണസമയത്ത് ഹൈദരാബാദിലേക്കുകടന്ന ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി ഒളിവില്‍പ്പോവുകയായിരുന്നു. 2010 ഒക്ടോബര്‍ 15നാണ് നിസാമുദ്ദീന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലാവുന്നത്.