പ്രായപൂര്‍ത്തിയാകാത്ത ഭാര്യാസഹോദരിയെ പീഡിപ്പിച്ചു; യുവാവിന് മരണം വരെ ജീവപര്യന്തം തടവു ശിക്ഷ; രണ്ടു ലക്ഷം രൂപ പിഴ

നഷ്ടപരിഹാര തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി വിധിപ്രസ്താവത്തിൽ നിർദേശിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത ഭാര്യാ സഹോദരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് മരണം വരെ ജീവപര്യന്തം തടവു ശിക്ഷ. രണ്ടു ലക്ഷം രൂപ പിഴയും മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചു.  കോഴിക്കോട് കാക്കൂര്‍ സ്വദേശിയായ 34കാരനെയാണ് പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി പി ടി പ്രകാശ് ശിക്ഷിച്ചത്.

ബലാത്സംഗ കുറ്റത്തിന് മരണം വരെ ജീവപര്യന്തം കഠിന തടവും 50, 000 രൂപ പിഴയും, ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. പലതവണ പീഡനത്തിന് ഇരയാക്കിയ കുറ്റത്തിന്‌ പോക്‌സോ വകുപ്പ് പ്രകാരം  ഏഴുവര്‍ഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴയും ഒടുക്കണം. 

സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് ഒരുവര്‍ഷം കഠിന തടവും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് രണ്ടുവര്‍ഷം കഠിന തടവും ശിക്ഷിച്ചു. പിഴ ഒടുക്കാത്ത പക്ഷം രണ്ട് വര്‍ഷം വീതം കഠിന തടവും അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. നഷ്ടപരിഹാര തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി വിധിപ്രസ്താവത്തിൽ നിർദേശിച്ചു. 

 2018 ജൂലൈയില്‍ ജോലി സ്ഥലത്ത് നിന്ന് ലീവിന് എത്തിയ പ്രതി പെണ്‍കുട്ടിയെ  വീട്ടില്‍ വെച്ച് പീഡിപ്പിച്ചു. പീഡന ദൃശ്യം മൊബൈലില്‍ പകര്‍ത്തി പിന്നീട് പലതവണ പെണ്‍കുട്ടിയെ ഇയാള്‍ ബലാല്‍സംഗം ചെയ്തുവെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതിക്കെതിരെ സ്ത്രീധന പീഡനത്തിനും വധശ്രമത്തിനും ഭാര്യ നല്‍കിയ കേസ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിലവിലുണ്ട്. 

ഉന്നത വിദ്യഭ്യാസ യോഗ്യതയുള്ള പ്രതി കപ്പല്‍ ജീവനക്കാരനാണ്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹർജി പരിഗണിച്ച് 2020ല്‍ കേസ് വേഗത്തില്‍ തീര്‍പ്പാക്കുവാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി കേസ് പരിഗണിച്ചത്.16 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 14 തെളിവുകളും ഹാജരാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com