മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 3000 രൂപ വീതം; പ്രത്യേക ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം; 1,59,481 കുടുംബങ്ങള്‍ക്ക് ഗുണം ലഭിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 01:20 PM  |  

Last Updated: 24th November 2021 01:20 PM  |   A+A-   |  

fishermens

ഫയല്‍ ചിത്രം

 


തിരുവനന്തപുരം: മത്സ്യത്തൊഴിലാളി പ്രത്യേക ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 3000 രൂപ വീതമാണ് നല്‍കുക. കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും വറുതിയിലായ പശ്ചാത്തലത്തിലാണ് ധനസഹായം അനുവദിക്കാന്‍ തീരുമാനമെടുത്തത്. ഇതിനായി 47.84 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാലും ഫിഷറീസ് മന്ത്രി സജി ചെറിയാനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്തെ 1,59,481 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഈ സഹായം ലഭ്യമാകുമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് സഹായം അനുവദിച്ചത്. കനത്ത മഴയെ തുടര്‍ന്ന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ദിവസങ്ങളില്‍ മീന്‍പിടിത്തത്തിനു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിലക്കേര്‍പ്പെടുത്തിയിരുന്നു. 

ഈ കാലയളവില്‍ വരുമാനം നഷ്ടപ്പെട്ട തീരദേശ, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമാണ് സഹായം ലഭിക്കുക. കോവിഡിനെ തുടര്‍ന്നുണ്ടായ വരുമാനം നഷ്ടം കൂടി കണക്കിലെടുത്താണ് തീരുമാനം. കനത്ത മഴയില്‍ തൊഴില്‍ നഷ്ടപ്പെട്ട് വറുതിയിലായ തീരദേശത്തിനും ഉള്‍നാടന്‍ മത്സ്യമേഖലയ്ക്കും ഏറെ ആശ്വാസം പകരുന്നതാണ് സര്‍ക്കാര്‍ തീരുമാനം. നേരത്തെ ഇവര്‍ക്ക് 1200 രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചിരുന്നു.