'എൻറെ കണ്ണായിരുന്നു അത്'; മോഷ്ടിച്ച ആ ലാപ്‌ടോപ്പ്‌ തിരികെ തരൂ, പണം തരാം: കരുണ കാത്ത് സായൂജ്യ 

ഇതുവരെയുള്ള ഗവേഷണ വിവരങ്ങളെല്ലാം അടങ്ങിയതാണ് ലാപ്‌ടോപ്പ്‌
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

സായൂജ്യയുടെ മോഷണം പോയ ലാപ്‌ടോപ്പ്‌ തിരികെ ലഭിക്കാനായി കൈകോർക്കുകയാണ് സുഹൃത്തുക്കളും സഹപാഠികളുമെല്ലാം. കോഴിക്കോട് ബീച്ച് സന്ദർശിക്കാൻ പോയപ്പോളാണ് കാഴ്ചപരിമിതിയുള്ള ഗവേഷക വിദ്യാർഥിനിയായ സായൂജ്യയുടെ ലാപ്‌ടോപ്പ്‌ നഷ്ടപ്പെട്ടത്. ഇതുവരെയുള്ള ഗവേഷണ വിവരങ്ങളെല്ലാം അടങ്ങിയതാണ് ലാപ്‌ടോപ്പ്‌. 

ലാപ്‌ടോപ്പ്‌ തിരികെ നൽകണമെന്ന അഭ്യർഥനയുമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയാണ് സർവകലാശാലയിലെ ഗവേഷക സംഘടന. വിൽപ്പനക്കാർ ആരെങ്കിലും ഈ ലാപ്‌ടോപ്പ്‌ വാങ്ങിച്ചിട്ടുണ്ടെങ്കിൽ പണം നൽകി പോലും തിരികെ വാങ്ങാൻ തയാറാണെന്ന്‌ പറയുകയാണ് ഇവർ. 

'അത് നഷ്ടമായപ്പോൾ പെട്ടെന്ന് കാഴ്ച നഷ്ടപ്പെട്ടയാളെപ്പോലെ'

കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് ഭാഷാവകുപ്പിലെ ഗവേഷകയാണ് തൃശൂർ സ്വദേശിയായ സായൂജ്യ. കാഴ്‍ച്ചശക്തിയില്ലാത്തവർക്കായുള്ള സോഫ്റ്റ് വെയറുകളും ഗവേഷണത്തിൻറെ ഭാഗമായി ഒരു വർഷം ശേഖരിച്ച ജേർണലുകളും രേഖകളും അടങ്ങുന്ന ലാപ്‌ടോപ്പാണ് നഷ്ടമായിരിക്കുന്നത്. ബിരുദതലം മുതൽക്കുള്ള പഠന വസ്തുക്കൾ അതിലുണ്ടെന്നും ആരെങ്കിലും ‌തന്റെ ലാപ്‌ടോപ്പ്‌ വാങ്ങിയിട്ടുണ്ടെങ്കിൽ ചെലവായ പണം നൽകാൻ തയ്യാറാണെന്നും സായൂജ്യ പറയുന്നു. "എൻറെ കണ്ണായിരുന്നു ലാപ്‌ടോപ്പ്‌. അത് നഷ്ടമായപ്പോൾ പെട്ടെന്ന് കാഴ്ച നഷ്ടപ്പെട്ടയാളെപ്പോലെയായി" ,സായൂജ്യ പറയുന്നു. 

മുടക്കിയ പണം മുഴുവൻ നൽകാം

സുഹൃത്തുക്കൾക്കൊപ്പം നവംബർ 3ന് ബീച്ചിൽ എത്തിയപ്പോൾ കാറിൻറെ പിൻസീറ്റിൽ വെച്ചിരുന്ന ലാപ്‌ടോപ്പ്‌ ആരോ എടുത്തുകൊണ്ടുപോകുകയായിരുന്നു. അന്ന് തന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതോടെയാണ് ലാപ്‌ടോപ്പ്‌ തിരികെ നൽകണമെന്ന അഭ്യർഥനയുമായി സർവകലാശാലാ സമൂഹം രംഗത്തെത്തിയത്. മോഷ്ടിച്ചയാൾ ഏതെങ്കിലും സെക്കൻഡ്-ഹാൻഡ് കടകളിൽ ലാപ്‌ടോപ്പ്‌ വിറ്റിട്ടുണ്ടെങ്കിൽ മുടക്കിയ പണം മുഴുവൻ നൽകി ലാപ്‌ടോപ്പ്‌ വാങ്ങിക്കോളാമെന്ന് ഇവർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com