ശബരിമല ദർശനത്തിന് കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ട; മാനദണ്ഡം പുതുക്കി സർക്കാർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2021 01:19 PM  |  

Last Updated: 27th November 2021 01:20 PM  |   A+A-   |  

sabarimala childrens

ഫയല്‍ ചിത്രം

 

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തുന്ന കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ട. മണ്ഡല മകരവിളക്ക് തീർത്ഥാടന മാനദണ്ഡം പുതുക്കി സർക്കാർ ഉത്തരവിറക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ കൊണ്ടുപോകാമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. 

നിലവിൽ കുട്ടികൾക്കും ആർടിപിസിആർ പരിശോധനാ റിപ്പോർട്ട് നിർബന്ധമായിരുന്നു. ഇതിലാണ് ഇളവ് നൽകിയത്. ഇനി 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. കുട്ടികളെ സാമൂഹിക അകലം പാലിച്ചും മാസ്ക്, സാനിറ്റൈസർ ഉപയോഗിച്ചും ശബരിമല ദർശനം ഉറപ്പാക്കണമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

കോവിഡ് വ്യാപനം പൂര്‍ണമായി മാറാത്ത സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചിരുന്നു.കേന്ദ്ര സര്‍ക്കാരിന്റെയും സ്റ്റേറ്റ് സ്‌പെസിഫിക് കോവിഡ് പ്രോട്ടോകോള്‍ പ്രകാരവും സുരക്ഷിതമായ ശബരിമല മകരവിളക്ക് മഹോത്സവം നടത്തുന്നതിനുള്ള ആക്ഷന്‍ പ്ലാനാണ് തയാറാക്കിയിരിക്കുന്നത്.

കുട്ടികൾ ഒഴികെയുള്ള എല്ലാ തീർഥാടകരും ജീവനക്കാരും രണ്ടു ഡോസ് വാക്‌സീന്‍ എടുത്ത സര്‍ട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും കരുതണം. മറ്റ് അനുബന്ധ രോഗമുള്ളവര്‍ക്കും കോവിഡ് വന്ന് മൂന്നു മാസത്തിനുള്ളില്‍ ആയിട്ടുള്ളവര്‍ക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് കഴിവതും ശബരിമല ദര്‍ശനം ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.