പറമ്പിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞു; യുവതിയെ ആക്രമിച്ച 30 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th November 2021 05:03 PM  |  

Last Updated: 28th November 2021 05:03 PM  |   A+A-   |  

police CASE

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: പയ്യോളിയില്‍ വഴിത്തര്‍ക്കത്തിനിടെ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. നാട്ടുകാരായ അഞ്ചുപേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയുമാണ് കേസ്. പറമ്പിലൂടെ വഴിവെട്ടുന്നത് ചോദ്യം ചെയ്തതിനാണ് പയ്യോളി കൊളാവിപാലം സ്വദേശി ലിഷക്ക് ആക്രമണമേറ്റത്. തലയ്ക്ക് മണ്‍വെട്ടികൊണ്ടുളള അടിയേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലിഷയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേസ് എടുത്തിരിക്കുന്നത്. 

പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. കൊളാവി പാലം സ്വദേശി ലിഷയുടെ പറമ്പലൂടെ വഴിവെട്ടുന്നത് സംബന്ധിച്ച് നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണിറക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം. തടയാന്‍ ശ്രമിക്കുന്നതിനിടെ ആദ്യം കല്ലേറുണ്ടായെന്നും പിന്നീട് മണ്‍വെട്ടി ഉപയോഗിച്ച് ആക്രമിച്ചെന്നും ലിഷ പറഞ്ഞു. 

മുപ്പതോളം പേര്‍ അടങ്ങിയ സംഘമാണ് ആക്രമിച്ചത്. മണ്‍വെട്ടികൊണ്ടുളള അടിയേറ്റ് രക്തം വാര്‍ന്നുകിടന്നിട്ടും ഏറെ നേരം ആരും ആശുപത്രിയിലെത്തിച്ചില്ല. പിന്നീട് പയ്യോളി പൊലീസെത്തിയ ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരുടെ  പറമ്പിലൂടെയുളള നടവഴി വീതികുട്ടുന്നതിനെ ചൊല്ലിയാണ് നിലവിലെ പ്രശ്‌നം.