പൊലീസുകാര്‍ ഹണിട്രാപ്പില്‍പ്പെടുന്നത് നാണക്കേട്, ഉദ്യോഗസ്ഥര്‍ അനാവശ്യ ചടങ്ങുകളില്‍ പങ്കെടുക്കരുത്: മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ 

പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നു
പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നു

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യ ചടങ്ങുകളില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുത്. ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശിച്ചു.

പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന വ്യാജേന കോടികള്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തിയത് വിവാദമായിരുന്നു. ഇതിന് പുറമേ അടുത്തിടെ ലോക്ക്ഡൗണ്‍ പരിശോധനയുടെ പേരില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ചിലര്‍ക്ക് ഉണ്ടായ അനുഭവങ്ങളും ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.

അനാവശ്യ ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുത്. പ്രത്യേകിച്ച് യൂണിഫോമിട്ട് പോകരുത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അടുത്തിടെ ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസുകാര്‍ ഹണിട്രാപ്പില്‍പ്പെടുന്നത് നാണക്കേടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. അഴിമതിക്കാരായ ചിലര്‍ സേനയിലുണ്ട്. അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

കോവിഡ് ഡ്യൂട്ടിയില്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിച്ച പൊലീസ് സേനയെ പ്രകീര്‍ത്തിച്ച ശേഷമാണ് അടുത്തിടെ ഉണ്ടായ ചില ആക്ഷേപങ്ങള്‍ മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചത്. ഇത്തരം ചില സംഭവങ്ങള്‍ പൊലീസ് സേനയ്ക്ക് മൊത്തത്തില്‍ കളങ്കം ചാര്‍ത്തുന്നതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൂടുതല്‍ സൂക്ഷ്മതയോടെ മുന്നോട്ടുപോകാനും ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com