തമ്പാനൂരിൽ 19കാറുകൾ തല്ലിത്തകർത്തത് ഒരാൾ; സ്റ്റീരിയോ ഉൾപ്പെടെ മോഷ്ടിച്ചു 

തമ്പാനൂരിൽ 19കാറുകൾ തല്ലിത്തകർത്തത് ഒരാൾ; സ്റ്റീരിയോ ഉൾപ്പെടെ മോഷണം; സിസിടിവി ദൃശ്യങ്ങൾ
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

തിരുവനന്തപുരം: തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ വാഹനങ്ങൾ തല്ലിത്തകർത്തത് ഒരാളെന്ന് ആർപിഎഫ്. സംഘമായല്ല ഒരാൾ മാത്രമാണ് അക്രമിയെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായും ആർപിഎഫ് വ്യക്തമാക്കി. 

തകർത്ത കാറുകളിൽ നിന്ന് നിന്ന് സ്റ്റീരിയോ, കൂളിങ് ഗ്ലാസ്, പെൻഡ്രൈവ് തുടങ്ങിയവ നഷ്ടമായി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന റയിൽവേ ജീവനക്കാരുടേതടക്കമുള്ള വാഹനങ്ങളാണ് ആക്രമിച്ചത്. 19 വാഹനങ്ങളുടെ ഗ്ലാസാണ് തകർത്തത്. ഇന്ന് രാവിലെ കാറുകൾ പാർക്ക് ചെയ്തവർ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

റെയിൽവേ സ്റ്റേഷനിൽ ‍പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ സുരക്ഷാച്ചുമതല റെയിൽവേയ്ക്കാണ്. അർധരാത്രിയിൽ ഇത്രയും വാഹനങ്ങൾ തകർത്ത് കവർച്ചാശ്രമം നടത്തിയത് ആരും അറിഞ്ഞില്ലെന്നത് റെയിൽവേ പൊലീസിനെ ഞെട്ടിച്ചു.

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് മുന്നിലായുള്ള പാർക്കിങ് ഏരിയയിലാണ് സംഭവം. മിക്ക കാറുകളുടേയും വിൻഡോ ഗ്ലാസുകളാണ് തകർത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മോഷണശ്രമമാകാനാണ് സാധ്യത. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് നീക്കം. കാറുകളുടെ മ്യൂസിക് സിസ്റ്റത്തിന്റെ സ്പീക്കർ ഉൾപ്പെടെ ഊരിയെടുക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്.

പാർക്കിങ് ഏരിയയിൽ സ്ഥിരമായി സെക്യൂരിറ്റി ജീവനക്കാരനുണ്ടാകാറുണ്ട്. എന്നാൽ രാത്രി കനത്ത മഴ പെയ്തതിനെ തുടർന്ന് ഇയാൾ പരിസരത്ത് നിന്ന് അൽപനേരം മാറിനിന്നിരുന്നു. ഈ സമയത്താണ് ആക്രമണം നടന്നത്. കാറുടമകൾ പരാതിയുമായി രംഗത്തുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com