അടുത്ത 3 മണിക്കൂറില്‍ 9 ജില്ലകളില്‍ അതിതീവ്രമഴ; 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; മുന്നറിയിപ്പ്

മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില്‍  കേരളത്തില്‍  തിരുവനന്തപുരം, കൊല്ലം,  ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്  എന്നീ ജില്ലകളില്‍ ഇടിയോട്  കൂടിയ അതിതീവ്ര മഴക്കും  മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്നും കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ  ജില്ലകളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉരുള്‍പൊട്ടലില്‍ മരണം ആറായി


കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ  ഉരുള്‍പൊട്ടലില്‍ മരണം ആറായി. നാലുപേരെ കാണാതായി. ഒരു കുടുംബത്തിലെ ആറുപേരടക്കം 13 പേരാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ മാറ്റാനുള്ള സംവിധാനമില്ലാതെ പ്രതിസന്ധിയിലാണ് നാട്ടുകാര്‍. പ്രദേശത്ത് മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും താറുമാറായിരിക്കുകയാണ്. 35 പേരടങ്ങുന്ന കരസേനയുടെ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തില്‍ കരസേന കോട്ടയത്തെത്തി. വ്യോമസേന ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമായിട്ടുണ്ട്. കിഴക്കന്‍ മലയോര മേഖലയില്‍ വന്‍ മഴക്കെടുതിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അതേസമയം കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങി. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നിലാണ് ബസ് മുങ്ങിയത്. വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസ് മുങ്ങിയത്. ബസില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. അതേസമയം തൊടുപുഴയ്ക്ക് സമീപം കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 

സ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ച സാഹചര്യത്തില്‍ വിശദമായ മുന്നൊരുക്കം നടത്തുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എല്ലാ അണക്കെട്ടുകളിലേയും നിലവിലെ സ്ഥിതി വിലയിരുത്താന്‍ കെഎസ്ഇബിയോടും ജലവിഭവ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലേക്ക് ദുരന്ത നിവാരണസേനയെ വിന്യസിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com