അവിശ്വസനീയ പ്രണയം, ഒറ്റ മുറിയിൽ പത്ത് വർഷത്തെ ജീവിതം; റഹ്മാനും സജിതയും ഇനി നിയമപരമായി വിവാഹിതർ

അവിശ്വസനീയ പ്രണയം, ഒറ്റ മുറിയിൽ പത്ത് വർഷത്തെ ജീവിതം; റഹ്മാനും സജിതയും ഇനി നിയമപരമായി വിവാഹിതർ
റഹ്മാനും, സജിതയ്ക്കും വിവാഹ സർട്ടിഫിക്കറ്റ് കെ ബാബു എംഎൽഎ കൈമാറുന്നു/ ഫെയ്സ്ബുക്ക്
റഹ്മാനും, സജിതയ്ക്കും വിവാഹ സർട്ടിഫിക്കറ്റ് കെ ബാബു എംഎൽഎ കൈമാറുന്നു/ ഫെയ്സ്ബുക്ക്

പാലക്കാട്: പത്ത് വർഷം നീണ്ട അവിശ്വസനീയ പ്രണയത്തിനും ഒറ്റ മുറിയിലെ ആരുമറിയാതെയുള്ള ജീവിതത്തിനും വിരാമമിട്ട് പുറത്തു വന്ന റഹ്മാനും സജിതയും നിയമപരമായി വിവാഹിതരായി. അയിലൂർ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്മാനും, സജിതയുമാണ് സ്പെഷൽ മാരേജ് ആക്ട്‌ പ്രകാരം വിവാഹിതരായത്. 

സെപ്റ്റംബർ 15 നാണ് ഇരുവരും വിവാഹിതരാകുന്നതിനായി നെന്മാറ സബ്ബ് രജിസ്ട്രാർ മുൻപാകെ അപേക്ഷ സമർപ്പിച്ചത്. അപേക്ഷയിൽ ആക്ഷേപങ്ങളൊന്നും ലഭിക്കാത്തതിനാൽ ഇരുവർക്കും നെന്മാറ സബ്ബ് രജിസ്ട്രാർ കെ അജയകുമാർ വ്യാഴാഴ്ച വിവാഹ സർട്ടിഫിക്കറ്റ് അനുവദിച്ചു. സബ്ബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കെ ബാബു എംഎൽഎ ഇരുവർക്കും വിവാഹ സർട്ടിഫക്കറ്റ് കൈമാറി. 

പുറം ലോകം അറിയാതെ ഒറ്റ മുറിയിൽ

2010 ഫെബ്രുവരിയിലാണ് റഹ്മാനോടൊപ്പം ജീവിക്കാൻ 18 കാരിയായ സജിത വീട് വിട്ടിറങ്ങിയത്. ഇലക്ട്രിക്കൽ ജോലിയും പെയിന്റിങും ചെയ്യുന്ന റഹ്മാനോടൊപ്പം കഴിയുന്നതിനായി ഇറങ്ങിത്തിരിച്ച സജിതയെ റഹ്മാൻ ആരുമറിയാതെ വീട്ടിലെ മുറിയിൽ താമസിപ്പിക്കുകയായിരുന്നു. പുറത്ത് സ്വതന്ത്രമായി ജീവിക്കണമെന്ന മോഹത്തിൽ 2021 മാർച്ചിൽ ഇരുവരും വീട് വിട്ടിറങ്ങി വിത്തനശ്ശേരിയ്ക്ക് സമീപം വാടക വീട്ടിലേക്ക് താമസം മാറി. 

റഹ്മാനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ സഹോദരൻ റഹ്മാനെ നെന്മാറയിൽ വെച്ച് കാണുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രണയ ജീവിതത്തിന്റെ 10 വർഷത്തെ ചരിത്രം പുറം ലോകമറിഞ്ഞത്. 

പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ഏഴ് മാസമായി ഒരുമിച്ച് കഴിഞ്ഞു വന്ന ഇരുവർക്കും വിവാഹതിരാകുന്നതിനുള്ള നടപടികൾ ഒരുങ്ങിയത്. രജിസ്ട്രേഷൻ തുക പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് മേഖല കമ്മിറ്റിയാണ് നൽകിയത്. അപേക്ഷ നൽകി ഒരു മാസം പൂർത്തിയായതോടെ വിവാഹം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com