അട്ടപ്പാടി ചുരത്തില്‍ ഗതാഗത നിയന്ത്രണം; തൃശൂരില്‍ മണ്ണിടിച്ചില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2021 08:24 PM  |  

Last Updated: 21st October 2021 08:24 PM  |   A+A-   |  

landslip

ഫയല്‍ ചിത്രം


പാലക്കാട്: പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. അട്ടപ്പാടി ചുരത്തിലെ മന്ദംപൊട്ടി തോട് കരകവിഞ്ഞൊഴുകി പാലത്തില്‍ വെള്ളം കയറി. ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. 

തൃശൂരും കനത്ത മഴ തുടരുകയാണ്. മലയോര മേഖലയായ മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങരക്ക് സമീപമുള്ള ഇത്തനോളിയില്‍ മഴവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. തുടര്‍ന്ന് താഴ്വാരത്തെ 11 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 

മലയില്‍ നിന്ന് പൊടുന്നനെ വെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. ശക്തമായ മഴവെള്ള പ്രവാഹത്തില്‍ കോളനിയിലെ വീടുകളിലേയ്ക്ക് വെള്ളം കയറി. മുന്‍കരുതല്‍ എന്ന നിലയിലാണ് പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത്. 

നാലുദിവസം ശക്തമായ മഴ

തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതചുഴി  നിലവില്‍ കോമോരിന്‍ ( തമിഴ് നാടിന്റെ തെക്കേ അറ്റം ) മുകളില്‍ സ്ഥിതി ചെയ്യുന്നു. ചക്രവാതചുഴിയില്‍ നിന്ന് മധ്യ കിഴക്കന്‍ അറബികടലില്‍ കര്‍ണാടക തീരം വരെ  ഒരു ട്രെഫ് ( ന്യുന മര്‍ദ്ദ പാത്തി ) നിലനില്‍ക്കുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ വ്യാപകമായി ഇടി മിന്നലോട് കൂടിയ ശക്തമായ മഴ ഒക്ടോബര്‍ 25 വരെ തുടരാന്‍ സാധ്യത. ഇന്ന് (ഒക്ടോബര്‍ 21)  ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.