മുഖ്യമന്ത്രി സ്തുതിപാഠകരുടെ നടുവില്‍; ദുരന്തമേഖലകളില്‍ കൃത്യസമയത്ത് മുന്നറിയിപ്പ് നല്‍കിയില്ല; 2018ലെ മഹാപ്രളയത്തിന് ശേഷം സര്‍ക്കാര്‍ എന്ത് പഠനം നടത്തി?; വിഡി സതീശന്‍

തെറ്റ് ചൂണ്ടിക്കാണിക്കുന്നതും വിമര്‍ശിക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമല്ല
വി ഡി സതീശന്‍
വി ഡി സതീശന്‍

കോട്ടയം: രണ്ടാം വട്ടം അധികാരത്തില്‍ വന്ന പിണറായി വിജയന്‍ സ്തുതിപാഠകരുടെ നടുവിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തെറ്റ് ചൂണ്ടിക്കാണിക്കുന്നതും വിമര്‍ശിക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേനിലപാട് തന്നെയാണ് മുഖ്യമന്ത്രിക്കെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

2018ലെ മഹാദുരന്തത്തിന് ശേഷം സര്‍ക്കാര്‍ എന്തുപഠനം നടത്തി

രണ്ടാം വട്ടം അധികാരത്തില്‍ വന്നതിന് പിന്നാലെ സ്തുതിഗീതം നടത്തുന്ന ആളുകള്‍ ചുറ്റുമുള്ളത് കൊണ്ട് ഒരുവിമര്‍ശനവും ഉന്നയിക്കാന്‍ പറ്റില്ല എന്നതാണ് സ്ഥിതി. വിമര്‍ശനമായല്ല കാര്യങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചത്. ദുരന്തനിവാരണ അതോറിറ്റി പരാജയമാണെന്ന്  പറഞ്ഞത് വ്യക്തമായ തെളിവുകളോടെയാണ്. ഈ ന്യൂനമര്‍ദ്ദം അറബിക്കടലില്‍ രൂപപ്പെട്ട സമയത്ത് അത് തെക്ക് പടിഞ്ഞാറ് ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് ഇന്ത്യന്‍കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ ദുരന്തനിവാരണ അതോറിറ്റി മുന്‍കരുതല്‍ നല്‍കണമായിരുന്നു. ഇടുക്കിയിലും കോട്ടയത്തും ദുരന്തമുണ്ടായതിന് പിന്നാലെയാണ് സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതെന്നും സതീശന്‍ പറഞ്ഞു.

2018ല്‍ ദുരന്തമുണ്ടായ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് താന്‍. മണ്ഡലത്തില്‍ വെള്ളം പൊങ്ങിയാല്‍ എവിടെ വെള്ളം കയറുമെന്ന് വിവിധ ഏജന്‍സികളെ കൊണ്ട് ഞങ്ങള്‍ പഠനം നടത്തിയിട്ടുണ്ട്. എന്നാല്‍ 2018ലെ മഹാദുരന്തത്തിന് ശേഷം സര്‍ക്കാര്‍ എന്തുപഠനം നടത്തിയെന്നും സതീശന്‍ ചോദിച്ചു. റൂം ഫോര്‍ റിവര്‍ എന്ന് പറഞ്ഞതല്ലാതെ പ്രളയമുണ്ടായാല്‍ ആഘാതം ലഖൂകരിക്കാന്‍ എന്ത് നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പറയണം. കേരളത്തിലെ മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തണമെന്ന് പ്രതിപക്ഷം പലതവണ പറഞ്ഞിരുന്നു. അദ്ദേഹത്തിന് തെറ്റ് ചൂണ്ടുന്നതും കുറ്റപ്പെടുത്തുന്നതും വിമര്‍ശിക്കുന്നതും ഒട്ടും ഇഷ്ടപ്പെടുന്നില്ല. ഞങ്ങള്‍ പ്രതിപക്ഷധര്‍മമാണ് നിര്‍വഹിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. 

റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കണം
 

സംസ്ഥാനത്ത് കടക്കെണിമൂലം ആളുകള്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു. ഒരുപാട് കുടുംബങ്ങള്‍ അനാഥമാകുന്നു. കടക്കെണിയില്‍ പെട്ടആളുകളുടെ അനശ്ചിതത്വം അടിയന്തരമായി കണ്ട് തുടര്‍നടപടികള്‍ സ്വീകരിക്കണം. സംസ്ഥാനത്തെ റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കണമെന്നും സതീശന്‍ പറഞ്ഞു. ആത്മഹത്യ ചെയ്ത ഹോട്ടലുടമ സരിന്‍ മോഹന്റെ വീട്ടിലെത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു  സതീശന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com