ശബരിപ്പാത ഏറ്റെടുക്കാന്‍ കെ റെയില്‍; മുഖ്യമന്ത്രി റെയില്‍വെ മന്ത്രിയെ കാണും

കേന്ദ്ര റെയില്‍വെ മന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തുന്നതിനിടെ ഈ ആവശ്യം മുന്നോട്ട് വയ്ക്കും. 
മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫയല്‍

കൊച്ചി: അങ്കമാലി - എരുമേലി ശബരി  പാതയുടെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ തയാറെന്ന് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെ- റെയില്‍). ഇത് സംബന്ധിച്ച് റെയില്‍വെ മന്ത്രാലയത്തിന്റെ അനുമതി തേടും. കേന്ദ്ര റെയില്‍വെ മന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തുന്നതിനിടെ ഈ ആവശ്യം മുന്നോട്ട് വയ്ക്കും. 

അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാതയുടെ എസ്റ്റിമേറ്റ് പുതുക്കാനുള്ള ലിഡാര്‍ സര്‍വേ മഴ മാറിയാല്‍ ഉടന്‍ നടത്തുമെന്നു കെ-റെയില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സര്‍വേയ്ക്കുള്ള ഗ്രൗണ്ട് കണ്‍ട്രോള്‍ പോയിന്റുകള്‍ സ്ഥാപിക്കുന്ന പണികളാണു ഇപ്പോള്‍ നടക്കുന്നത്. രാമപുരം മുതല്‍ എരുമേലി വരെയുള്ള 44 കി.മീ. ദൂരത്തിലാണു ഇനി സര്‍വേ ചെയ്യാനുള്ളത്. ജന ജീവിതത്തിനു തടസ്സമുണ്ടാകാത്ത രീതിയിലാണു ചെറുവിമാനം ഉപയോഗിച്ചുള്ള ലൈറ്റ് ഡിറ്റക്ഷന്‍ ആന്‍ഡ് റേഞ്ചിങ് (ലിഡാര്‍) സിസ്റ്റം ഉപയോഗിച്ചു സര്‍വേ നടത്തുന്നത്.

ലേസര്‍ യൂണിറ്റ്, സ്‌കാനര്‍, ജിപിഎസ് റിസീവര്‍, ക്യാമറ എന്നിവയാണു വിമാനത്തിലുള്ളത്. ലേസര്‍ യൂണിറ്റില്‍ നിന്നുള്ള രശ്മികള്‍ ഭൂമിയുടെ ഉപരിതലത്തിലെത്തി തിരിച്ചെത്തുന്നതു സെര്‍വറില്‍ സ്വീകരിച്ചാണു രൂപരേഖ തയാറാക്കുന്നത്. ഭൂമിയുടെ കിടപ്പ് സംബന്ധിച്ച വിശദവും കൃത്യവുമായ വിവരങ്ങള്‍ ഇതിലൂടെ ലഭിക്കും. കാലാവസ്ഥ അനുകൂലമെങ്കില്‍ സര്‍വേയ്ക്ക് ഒരു ദിവസം മതിയാകും. മരങ്ങള്‍, തണ്ണീര്‍തടങ്ങള്‍, നദികള്‍, റോഡുകള്‍,  കെട്ടിടങ്ങള്‍ എന്നിവ ലിഡാര്‍ സര്‍വേ വഴി കൃത്യമായി നിര്‍ണയിക്കാന്‍ കഴിയും. 

സര്‍വേ നടത്തുന്ന വിമാനത്തിനുള്ള റഫറന്‍സ് പോയിന്റുകള്‍ (സൂചകങ്ങള്‍) എന്ന നിലയിലാണ് ഗ്രൗണ്ട് കണ്‍ട്രോള്‍ പോയിന്റുകള്‍ സ്ഥാപിക്കുന്നതെന്നു കെ-റെയില്‍ അധികൃതര്‍ അറിയിച്ചു. പാതയുടെ അലൈന്‍മെന്റില്‍ അല്ല ഈ പോയിന്റുകള്‍. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ട. ശബരി പാതയ്ക്കു ദക്ഷിണ റെയില്‍വേയും കോട്ടയം ജില്ലാ കലക്ടറും സംയുക്തമായി അംഗീകരിച്ച അലൈന്‍മെന്റിലാണു ലിഡാര്‍ സര്‍വേ നടത്തുക. അലൈന്‍െന്റുമായി ബന്ധപ്പെട്ടു പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തെ തീര്‍പ്പു കല്‍പിച്ചതാണ്.

ഇതേത്തുടര്‍ന്നാണു പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കാന്‍ കെ-റെയിലിനെ റെയില്‍വേ ബോര്‍ഡ് ചുമതലപ്പെടുത്തിയത്. സര്‍വേ പൂര്‍ത്തിയാക്കിയാല്‍ 2 ആഴ്ചയ്ക്കുള്ളില്‍ പുതുക്കിയ എസ്റ്റിമേറ്റ് റെയില്‍വേ ബോര്‍ഡിനു കൈമാറും. പദ്ധതിയുടെ പകുതി ചെലവു കേരളം വഹിക്കാമെന്നു റെയില്‍വേ ബോര്‍ഡിനെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ 2017ല്‍ തയാറാക്കിയ എസ്റ്റിമേറ്റുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും എസ്റ്റിമേറ്റ് പുതുക്കിയ ശേഷം ചെലവു പങ്കിടുന്നതു അംഗീകരിക്കാമെന്നുമാണു റെയില്‍വേ മന്ത്രാലയത്തിന്റെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com