റാ റാ റാസ്പുട്ടിന്‍..; വൈറല്‍ നൃത്തച്ചുവടുകളെ പ്രശംസിച്ച് യുഎന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd October 2021 12:30 PM  |  

Last Updated: 22nd October 2021 02:31 PM  |   A+A-   |  

rasputin

വൈറല്‍ ആയ വിഡിയോയില്‍നിന്ന്‌

 

യുഎന്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ, വൈറല്‍ ആയി മാറിയ റാസ്പുട്ടിന്‍ നൃത്തത്തെ പ്രശംസിച്ച് ഐക്യരാഷ്ട്ര സഭാ പ്രതിനിധി. വിമര്‍ശനം ഉയര്‍ന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് കേരള സമൂഹത്തില്‍നിന്നു കിട്ടിയ പിന്തുണയെയും യുഎന്‍ കള്‍ച്ചറല്‍ റൈറ്റ്‌സ് സ്‌പെഷല്‍ റാപ്പോര്‍ട്ടര്‍ കരിമ ബെന്നൗന്‍സ് എടുത്തു പറഞ്ഞു.

സാംസ്‌കാരികമായ കൂടിച്ചേരലുകള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നത് അപകടകരമാണെന്ന് ബെന്നൗന്‍സ് ചൂണ്ടിക്കാട്ടി. ജനറല്‍ അസംബ്ലിയുടെ അനൗപചാരിക യോഗത്തിലായിരുന്നു ബെന്നൗന്‍സിന്റെ പരാമര്‍ശങ്ങള്‍.

ഹിന്ദു മതമൗലിക വാദികളാണ് വിദ്യാര്‍ഥികള്‍ക്കെതിരെ രംഗത്തുവന്നതെന്ന് യുഎന്‍ പ്രതിനിധി പറഞ്ഞു. ഡാന്‍സ് ജിഹാദ് എന്ന പേരില്‍ ആക്ഷേപിക്കുന്ന അവസ്ഥയുണ്ടായി. എന്നാല്‍ സമൂഹത്തില്‍നിന്നു കുട്ടികള്‍ക്ക് വലിയ പിന്തുണയാണ് കിട്ടിയത്- അവര്‍ പറഞ്ഞു.

ബോണി എം ബാൻഡിൻറെ 'റാ റാ റാസ്​പുടിൻ ലവർ ഓഫ്​ ദ റഷ്യൻ ക്വീൻ' എന്ന്​ തുടങ്ങുന്ന ഗാനംത്തിനു ചുവടു വച്ചാണ് മെഡിക്കൽ വിദ്യാർഥികൾ വൈറലായത്. തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകി എം ഓംകുമാറും നവീൻ കെ റസാഖുമാണ്​ സ്​റ്റൈലിഷ്​ സ്​റ്റെപ്പുകളുമായി അരങ്ങ്​ തകർത്തത്​. തിരുവനന്തപുരം സ്വദേശിയായ ജാനകി മൂന്നാം വർഷ എം.ബി.ബി.എസ്​ വിദ്യാർഥിയും മാനന്തവാടി സ്വദേശിയായ നവീൻ നാലാം വർഷ വിദ്യാർഥിയുമാണ്​.

നൃത്തച്ചുവടുകൾ വൈറൽ ആയതിനു പിന്നാലെ റാസ്പുട്ടിൻ ​ഗാനത്തിന് കേരളത്തിനകത്തും പുറത്തും നിന്ന് ഒട്ടേറെ വേർഷനുകൾ വന്നിരുന്നു.