'എസ്എഫ്‌ഐയ്ക്ക് എതിരെ മത്സരിക്കുമോ? നിന്നെ ശരിയാക്കിത്തരാം'; എസ്എഫ്‌ഐ നേതാക്കള്‍ക്ക് എതിരെ എഐഎസ്എഫ് നേതാവിന്റെ മൊഴി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2021 07:35 PM  |  

Last Updated: 25th October 2021 09:53 PM  |   A+A-   |  

MG university

എംജി യൂണിവേഴ്‌സിറ്റിയില്‍ എസ്എഫ്‌ഐ - എഐഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയപ്പോള്‍/വിഡിയോ ദൃശ്യം

'

കൊച്ചി: എംജി യൂണിവേഴ്‌സിറ്റി സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നേതാക്കള്‍ക്ക് എതിരെ പരാതിക്കാരിയായ എഐഎസ്എഫ് നേതാവ് മൊഴി നല്‍കി. എസ്എഫ്‌ഐ നേതാക്കള്‍ മര്‍ദിച്ചെന്നും മാറിടത്തില്‍പ്പിടിച്ചെന്നും ജാതിയധിക്ഷേപം നടത്തിയെന്നും എഐഎസ്എഫ് നേതാവ് മൊഴിയില്‍ ആവര്‍ത്തിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരായ പ്രജിത്ത്, അരുണ്‍, ഷിയാസ് എന്നിവരാണ് തന്നെ അക്രമിച്ചതെന്നും മൊഴിയില്‍ പറയുന്നു.

എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം അരുണും  ശരീര ഭാഗങ്ങളില്‍ പിടിച്ചു ഉപദ്രവിച്ചെന്ന് മൊഴിയില്‍ പറയുന്നു. കേട്ടാല്‍ അറയ്ക്കുന്ന തെറിവിളിച്ചാണ് ഇവര്‍ ശരീര ഭാഗങ്ങളില്‍ പിടിച്ചതെന്ന് മൊഴിയില്‍ പറയുന്നു.'നിന്നെ ശരിയാക്കിത്തരാം' എന്ന് അരുണ്‍ വിളിച്ചു പറഞ്ഞു. പ്രജിത്ത് നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞു പുറകില്‍ ആഞ്ഞിടിച്ചു.

മര്യാദലംഘനം നടത്തിയാല്‍ മാത്രമേ മറ്റു സഹപ്രവര്‍ത്തകരെ അക്രമിക്കുന്നത് തടയാനെത്തിയ തന്നെ പിന്തിരിപ്പിക്കാന്‍ സാധിക്കുള്ളുവെന്ന പൂര്‍ണ ബോധത്തിലാണ് എസ്എഫ്‌ഐ നേതാക്കള്‍ അതിക്രമിച്ചതെന്നും മൊഴിയില്‍ പറയുന്നു.

എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് അര്‍ഷോയും എസ്എഫ്്‌ഐ നേതാവായ ടോണി കുര്യാക്കോസുമാണ് തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതെന്നും പരാതിക്കാരി മൊഴിയില്‍ പറയുന്നു. 'നീ എസ്എഫ്‌ഐയ്ക്ക് എതിരെ മത്സരിക്കുമോ' എന്ന് ആക്രോശിച്ചെന്നും മൊഴിയില്‍ പറയുന്നു.

ടോണി തന്റെ കഴുത്തില്‍ അടിച്ചു. ഇവരുടെ ആക്രമണത്തെ തുടര്‍ന്ന് അവിടെനിന്ന് ഓടിരക്ഷപ്പെടുകയാണ് ചെയ്തത്. 2015മുതല്‍ ടോണിയെ പരിചയമുണ്ട്. താന്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് അര്‍ഷോയ്ക്കും ടോണിയ്ക്കും അറിയാമെന്നും മൊഴിയില്‍ പറയുന്നു.