'സുന്ദരിയുടെ ഭരണിപ്പാട്ട്'; കെ മുരളീധരനെതിരെ ആര്യാ രാജേന്ദ്രന്‍ പരാതി നല്‍കി; കേസ് എടുക്കുന്നതില്‍ നിയമോപദേശം തേടുമെന്ന് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2021 10:02 AM  |  

Last Updated: 26th October 2021 10:02 AM  |   A+A-   |  

k_muraleedharan_-_arya

കെ മുരളീധരന്‍- ആര്യാ രാജേന്ദ്രന്‍

 

തിരുവനന്തപുരം:  അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കി. മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പരാതിയില്‍ കെ മുരളീധരനെതിരെ കേസ് എടുത്തിട്ടില്ല. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും എംപിയ്‌ക്കെതിരെ കേസ് എടുക്കുകയെന്ന് പൊലീസ് പറഞ്ഞു.

കാണാന്‍ നല്ല സൗന്ദര്യമുണ്ട്, വായില്‍ നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട്‌
 

തിരുവനന്തപുരം മേയറെ കാണാന്‍ നല്ല സൗന്ദര്യമുണ്ട്. പക്ഷെ വായില്‍നിന്ന് പുറത്തുവരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം. ഇത്തരത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരുത്താത്ത സാഹചര്യത്തിലാണ് ആര്യ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയത്. മുരളീധരന്റെ പരാമര്‍ശത്തിനെതിരെ ഇടതുസംഘടനകളും നേതാക്കന്‍മാരും രംഗത്തുവന്നിരുന്നു. 

എംപി പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന മേയര്‍ കസേരയിലാണ് ആര്യാ രാജേന്ദ്രന്‍ ഇരിക്കുന്നത്. അതുകൊണ്ട് അവരോട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത്. കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട് ശരിയാ. പക്ഷെ വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തു മാത്രം കിളുത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെ ഉള്ള ഒരുപാടു പേരെ കണ്ടിട്ടുള്ള നഗരസഭയാണ് ഇതെന്നും മുരളീധരന്‍ പറഞ്ഞു.