ബൈക്കില്‍ നിന്ന് വീണ് എസ്‌ഐയുടെ മരണം, ഇയര്‍ ബാലന്‍സ് തെറ്റിയതാകാമെന്ന് പൊലീസ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2021 09:16 AM  |  

Last Updated: 26th October 2021 09:16 AM  |   A+A-   |  

death in up

പ്രതീകാത്മക ചിത്രം

 

അരൂർ: ബൈക്ക് നിയന്ത്രണം വിട്ട് വീണ് എസ്ഐ മരിച്ച സംഭവത്തിൽ അന്വേഷണവുമായി പൊലീസ്.  എസ്ഐ വിനയചന്ദ്രനാണ് കഴിഞ്ഞ ദിവസം ബൈക്കിൽ നിന്ന് വീണ് മരിച്ചത്. ബൈക്ക് ഓടിക്കുന്നതിനിടെ ഇയർ ബാലൻസ് തെറ്റിയതാകാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നി​ഗമനം. ദേശീയപാതയോരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.  

വിനയചന്ദ്രന് ഇയർ ബാലൻസിന്റെ പ്രശ്നം ഉണ്ടായിരുന്നതായി ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് വാഹനങ്ങൾ വിനയചന്ദ്രന്റെ ബൈക്കിൽ തട്ടിയതിന്റെ ലക്ഷണങ്ങളില്ല. ഞായറാഴ്ച വൈകീട്ട് തുറവൂരിന് സമീപമായിരുന്നു അപകടം. ഹൈവേ പട്രോളിങ് വാഹനത്തിലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു. 

നിയന്ത്രണം വിട്ട വിനയചന്ദ്രൻ ബൈക്കുമായി റോഡരികിലേക്ക് തെറിച്ചുവീഴുന്ന ദൃശ്യം ലഭിച്ചു. ബൈക്കിൽ നിന്നു പിടിവിട്ട് വിനയചന്ദ്രൻ മുന്നിലേക്ക് തെറിച്ചു വീഴുകയാണ്. ബൈക്ക് ഇദ്ദേഹത്തിന്റെ ദേഹത്ത് വീഴുകയും ചെയ്യുന്നു. ഹെൽമെറ്റ് തെറിച്ചു പോയി. തലയ്ക്കേറ്റ പരിക്കാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടും റിപ്പോർട്ടിലെ പ്രാഥമിക സൂചന.