'നീ ആരാടാ ചോദിക്കാന്‍ എന്ന മനോഭാവം മാറണം; മൃഗീയത പ്രയോഗിച്ചാലേ നാടുനന്നാകൂ എങ്കില്‍ ആ നാട് നന്നാകേണ്ട'

ശരിക്കുള്ള രാജാവ് ഇവിടുത്തെ ഓരോ പൗരനുമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: അടക്കി ഭരിക്കലല്ല, സംരക്ഷണമാണു പൊലീസിന്റെ പ്രാഥമിക ഉത്തരവാദിത്തമെന്ന് പൊലീസുകാര്‍ മനസ്സിലാക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. 'നീ ആരാടാ ചോദിക്കാന്‍' എന്ന മനോഭാവം മാറണം. യൂണിഫോം ഇട്ടാല്‍ എന്തും ആകാം എന്നുള്ള വിചാരത്തിനൊപ്പം അഹംഭാവം കൂടി വന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും.''-കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ 'മാറുന്ന സമൂഹം, മാറുന്ന പൊലീസ്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. 

പ്രത്യേക ജനമൈത്രി പൊലീസ് സ്‌റ്റേഷനുകള്‍ സൃഷ്ടിക്കുകയല്ല എല്ലാ പൊലീസ് സ്‌റ്റേഷനുകളും ജനമൈത്രി ആകുകയാണ് വേണ്ടത്. ചെയ്യുന്ന ജോലി രാജ്യത്തിനും പൗരന്‍മാര്‍ക്കും വേണ്ടിയാണെന്നു മനസ്സിലായാല്‍ പൊലീസിന്റെ മനോഭാവം മാറുമെന്നും അദ്ദേഹം പറഞ്ഞു. 

പൊലീസിനെ 'സോഫ്റ്റ്' ആക്കിയാല്‍ കുറ്റകൃത്യങ്ങള്‍ കൂടില്ലേയെന്നു ചോദിക്കാറുണ്ട്. മൃഗീയമായി പെരുമാറിയിട്ട് കുറ്റകൃത്യങ്ങള്‍ കുറഞ്ഞോ? മൃഗീയത പ്രയോഗിച്ചാലേ നാടുനന്നാകൂ എങ്കില്‍ ആ നാട് നന്നാകേണ്ടെന്ന് താന്‍ പറയുമെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. 

പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന കോടതി ഉത്തരവ് പൊലീസിന്റെ മനോവീര്യം തകര്‍ക്കുമെന്ന നിലപാട് തെറ്റാണ്. തെറ്റു ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താനുള്ള മനോധൈര്യമാണ് സേനയ്ക്ക് ഉണ്ടാകേണ്ടതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

തെറ്റു ചെയ്താല്‍ പിടിക്കപ്പെടുമെന്നും തെറ്റ് ചെയ്യാത്ത ഒരാള്‍ക്ക് ബുദ്ധിമുട്ട് വരില്ലെന്നും പറയുന്ന കാലത്തു മാത്രമേ നമ്മുടെ ഫോഴ്‌സുകള്‍ ശരിയാകൂ. പരമാധികാര റിപ്പബ്ലിക് എന്ന് പറയുന്ന നമ്മുടെ രാജ്യത്ത് ശരിക്കുള്ള രാജാവ് ഇവിടുത്തെ ഓരോ പൗരനുമാണ്. അത് നിങ്ങളുമാകാം-അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com