തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് യാത്ര, 'ഫിറ്റായി' പിതാവ്; കാറോടിച്ച എട്ടാം ക്ലാസുകാരന്‍ കുടുങ്ങി

യാത്രയ്ക്കിടെ മദ്യപിച്ച് ബോധം പോയ അച്ഛനു പകരം കാർ ഓടിച്ച എട്ടാം ക്ലാസ് വിദ്യാർഥി കുടുങ്ങി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ചാത്തന്നൂർ: യാത്രയ്ക്കിടെ മദ്യപിച്ച് ബോധം പോയ അച്ഛനു പകരം കാർ ഓടിച്ച എട്ടാം ക്ലാസ് വിദ്യാർഥി കുടുങ്ങി. ദേശീയപാതയിൽ ചാത്തന്നൂർ ജംക്‌ഷനിൽ ചൊവ്വാഴ്ച രാത്രി എട്ടിനാണ് സംഭവം. 

തിരുവനന്തപുരം കളിയിക്കാവിളയിൽ നിന്നു മലപ്പുറത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ. യാത്രയ്ക്കിടയിൽ മദ്യപിച്ച് ലക്കുകെട്ട പിതാവിന് ഡ്രൈവ് ചെയ്യാൻ കഴിയാത്ത അവസ്ഥയായി.  ഇരുവരും മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. പതിമൂന്നുകാരനായ മകൻ മലപ്പുറത്ത് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

യാത്രയ്ക്കിടെ ശീമാട്ടിക്കു സമീപം കാർ നിർത്തി. കാൽ നിലത്ത് ഉറയ്ക്കാത്ത അവസ്ഥയിലാണ് പിതാവ് കാറിൽ നിന്ന് പുറത്തിറങ്ങിയത്. അവിടെ വച്ചു വീണ്ടും മദ്യപിച്ചതായി നാട്ടുകാർ പറയുന്നു. ഇതോടെ മകൻ ഡ്രൈവിങ് സീറ്റിലേക്ക് കയറി കാർ എടുത്തു. ഇതോടെ ഒരു കുട്ടി തിരക്കേറിയ ദേശീയപാതയിലൂടെ കാർ ഓടിച്ചു പോകുന്ന വിവരം നാട്ടുകാർ ചാത്തന്നൂർ സ്റ്റേഷനിൽ അറിയിച്ചു.

പൊലീസ് സ്റ്റേഷനു സമീപം പൊലീസ് കൈ കാണിച്ചെങ്കിലും നിർത്താതെ മുന്നോട്ടു പോയി. കാറിന്റെ സൈഡ് സീറ്റിൽ ഇരുന്ന പിതാവ് പൊലീസിനെ കൈ വീശി കാണിച്ചു യാത്ര പറഞ്ഞു. എന്നാൽ പൊലീസ് ജീപ്പ് ചെയ്സ് ചെയ്തു ചാത്തന്നൂർ ജംക്‌ഷനിൽ വച്ചു കാർ തടഞ്ഞു. ബോധമില്ലാതെ അവസ്ഥയിലായ പിതാവിൽ നിന്നു വിവരങ്ങൾ ശേഖരിക്കാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചിട്ടില്ല. ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം പിതാവിനെതിരെ കേസ് എടുക്കാനുള്ള നീക്കത്തിലാണു പൊലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com