നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാവിന് പനി; നിരീക്ഷണത്തിൽ; സമ്പർക്കപ്പട്ടിക വിപുലപ്പെടാൻ സാധ്യത- ആരോ​ഗ്യ മന്ത്രി

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാവിന് പനി; നിരീക്ഷണത്തിൽ; സമ്പർക്കപ്പട്ടിക വിപുലപ്പെടാൻ സാധ്യത- ആരോ​ഗ്യ മന്ത്രി
ടെലിവിഷന്‍ ചിത്രം
ടെലിവിഷന്‍ ചിത്രം

കോഴിക്കോട്: ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12കാരന്റെ മാതാവിന് പനി. ആരോ​ഗ്യ മന്ത്രി വീണ ജോർജാണ് കുട്ടിയുടെ അമ്മയ്ക്ക് ചെറിയ പനിയുള്ളതായി സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പർക്കമുള്ള ഇവർ ഹൈ റിസ്‌ക് വിഭാഗത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. സർവൈലൻസ് ടീം ഇവരെ നിരീക്ഷിക്കുന്നുണ്ടെന്നും ഇവർ ഉൾപ്പെടെയുള്ളവരെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ചേർന്ന അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആരോ​ഗ്യ മന്ത്രി. 

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ട്. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമ്പോൾ ആരോഗ്യ വകുപ്പ് തിരിച്ചറിയാത്ത ആളുകളുണ്ടാകാം. പ്രൈമറി കോൺടാക്റ്റാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അവരുടെ സെക്കൻഡറി കോൺടാക്റ്റ് തിരിച്ചറിയേണ്ടതുണ്ട്. അതിനാൽ സമ്പർക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ട്. സമയബന്ധിതമായി കോൺടാക്റ്റുകൾ തിരിച്ചറിഞ്ഞിട്ടേ കാര്യമുള്ളൂ. ആ രീതിയിലുള്ള വളരെ ഏകോപനത്തോടെയുള്ള ശക്തമായ പ്രവർത്തനമാണ് നടക്കുന്നത്- മന്ത്രി പറഞ്ഞു. 

ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുടെ സാമ്പിളുകൾ പരിശോധനക്കായി അയക്കും. നിപ ചികിത്സക്കായി പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ തന്നെയാകും ചികിത്സക്കായി ഉണ്ടാകുക. അസാധാരണമായ പനി, മരണം എന്നിവ വരും ദിവസങ്ങളിൽ ശ്രദ്ധയിൽപ്പെട്ടാലോ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിലോ ആരോഗ്യ വകുപ്പിനെ അറിയിക്കണം എന്ന് സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്- മന്ത്രി കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com