'കുളിമുറിയിൽ വീണ് ആശുപത്രിയിലായപ്പോൾ പിണറായി ഫോൺ വിളിച്ചു, 'പരനാറി' പ്രയോ​ഗം രാഷ്ട്രീയം മാത്രം'; പ്രേമചന്ദ്രൻ

'പിന്നീട് എത്രയോ തവണ കണ്ടു. സൗഹൃദത്തോടെ സംസാരിച്ചു. എന്റെ മകന്റെ കല്യാണത്തിന് മുഖ്യമന്ത്രി വന്നു'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ 'പരനാറി' പ്രയോ​ഗത്തെ രാഷ്ട്രീയമായാണ് കാണുന്നതെന്ന് എൻകെ പ്രേമചന്ദ്രൻ. പിണറായിയുമായി അകൽച്ച ഉണ്ടായിട്ടില്ലെന്നും മികച്ച വ്യക്തിബന്ധമാണ് ഇപ്പോഴും സൂക്ഷിക്കുന്നതെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു. 

'ഞങ്ങൾ രണ്ടുപേരും പൊതുരം​ഗത്ത് നിൽക്കുന്നതിനാൽ പിന്നീട് എത്രയോ തവണ കണ്ടു. സൗഹൃദത്തോടെ സംസാരിച്ചു. എന്റെ മകന്റെ കല്യാണത്തിന് മുഖ്യമന്ത്രി വന്നു. ഡൽഹിയിൽ ഈയിടെ കുളിമുറിയിൽ വീണ് ആശുപത്രിയിൽ ആയിരുന്നപ്പോൾ അദ്ദേഹം എന്നെ വിളിച്ച് ക്ഷേമം അന്വേഷിച്ചു. വ്യക്തിപരമായ പകയും വിദ്വേഷവും ഒന്നുമില്ല. രാഷ്ട്രീയമായ എതിർപ്പ് ഉണ്ടാകുമല്ലോ'- പ്രേമചന്ദ്രൻ പറഞ്ഞു. 

ആർഎസ്പിയുടെ എൽഡിഎഫ് പ്രവേശനത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടോ എന്ന ചോ​ദ്യത്തിന് രാഷ്ട്രീയത്തിൽ ഭാവിയിൽ എന്തു സമ്മതിക്കുമെന്ന് പറയാനാവില്ലെന്നായിരുന്നു പ്രേമചന്ദ്രന്റെ മറുപടി. ആർഎസ്പി തയാറാണെങ്കിൽ മുന്നണി പ്രവേശത്തെക്കുറിച്ച് ആലോചിക്കാമെന്ന് എൽഡിഎഫ് കൺവീനർ പറഞ്ഞിരുന്നു. 

2014 ലെ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം എ ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോ‍ഗത്തിനിടെയായിരുന്നു പിണറായി വിജയന്റെ പരനാറി പരാമർശം. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വരെ ഇടതു ചേരിയിലുണ്ടായിരുന്ന ആർഎസ്പി മുന്നണി വിട്ട് യുഡിഎഫിലെത്തിയതാണ്  സിപിഎം പാർട്ടി സെക്രട്ടറിയായിരുന്ന പിണറായിയെ ചൊടിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com