'യുപി മോഡല്‍ ചികിത്സ'; മൂന്ന് ദിവസത്തിനുള്ളില്‍ കോവിഡ് മാറും, വ്യാജ മരുന്നു വില്‍പ്പന, അറസ്റ്റ്

കോവിഡിനുള്ള വ്യാജ മരുന്ന് വില്‍പ്പന നടത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഉപ്പള: കോവിഡിനുള്ള വ്യാജ മരുന്ന് വില്‍പ്പന നടത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ചന്തോളി പീതാംപൂര സ്വദേശി വിനിത് പ്രസാദി(29)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഉപ്പള മണിമുണ്ടയിലെ സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തില്‍ താമസിച്ചാണ് വ്യാജ മരുന്നുകള്‍ നല്‍കിയിരുന്നത്. 

3 ദിവസത്തിനുള്ളില്‍ കോവിഡ് ഭേദമാകുമെന്ന ബോര്‍ഡ് കെട്ടിടത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ചികിത്സ നടത്തിയിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് വില്‍പന ഏറെയും. ഒട്ടേറെ പേര്‍ ഇതിനകം  മരുന്നുകള്‍ വാങ്ങിയിരുന്നതായി പൊലീസ് സംശയിക്കുന്നു.

കെട്ടിടത്തില്‍ നിന്ന് ഒട്ടേറെ മസാലക്കൂട്ട് അടങ്ങിയ പൊടികള്‍ പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ മരുന്ന് ഉപയോഗിച്ചവരില്‍ ഒരാളെ പോലും പൊലീസിനു കണ്ടെത്താനായില്ല. യുപി മോഡല്‍ ചികിത്സ എന്ന പേരിലാണ് മരുന്നുകള്‍ നല്‍കിയിരുന്നത്. ഓഗസ്റ്റ് 15നാണ് വിനീത് പ്രസാദ് ജില്ലയിലെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ പരാതിയിലാണ് അറസ്റ്റ്. റെയില്‍വേ ജീവനക്കാരനായിരുന്ന പ്രതി മേല്‍ ഉദ്യോഗസ്ഥനെ മര്‍ദിച്ചതിനു നടപടിക്കു വിധേയനായിരുന്നെന്നും ഇതിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ കേസ് നടക്കുന്നതായും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com