സെപ്റ്റംബര്‍ 30നകം എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍, സ്‌കൂളുകള്‍ തുറക്കുന്നത് ആലോചനയില്‍: മുഖ്യമന്ത്രി 

കോളജുകള്‍ തുറക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുന്നതാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം ഭയപ്പെടേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് എത്തുന്നതിനാല്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനുള്ള ആലോചനകള്‍ നടന്നു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ അറിവും അനുഭവസമ്പത്തുമുള്ള വിദഗ്ധരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നമ്മുടെ വ്യവസായവ്യാപാര മേഖലകളുടെ പുനരുജ്ജീവനവും അടിയന്തരമായി നടപ്പിലാകണം. അതിനാവശ്യമായ ഇടപെടലുകളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കോളജുകള്‍ തുറക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുന്നതാണ്. കോളജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ത്ഥികളും കോവിഡ് വാക്‌സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശാ പ്രവര്‍ത്തകരുമായോ ബന്ധപ്പെടേണ്ടതാണ്.

കോളജ് വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ ആരോഗ്യ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തും. സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് വാക്‌സിന്‍ എടുക്കാത്ത വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും കണക്കെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന് നല്‍കും. അതടിസ്ഥാനമാക്കി അവിടെത്തന്നെ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ആരും വാക്‌സിനെടുക്കാതെ മാറി നില്‍ക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

സെപ്റ്റംബര്‍ 30നകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. 18 വയസ്സിനു മുകളിലുള്ള  78.03 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 30.16 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com