പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ജിഹാദികളുടെ വക്താക്കളോ ?; ബിഷപ്പിനെ പിന്തുണച്ച് കേന്ദ്രമന്ത്രി

മുസ്ലിം സമുദായത്തെ ഒന്നടങ്കം ആക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്
വി മുരളീധരന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം
വി മുരളീധരന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം

കോഴിക്കോട് : പാലാ ബിഷപ്പിന്റേത് വൈകാരികമായ അഭിപ്രായ പ്രകടനമല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന ആളുകളെ തിരിച്ചറിയണം. കേരളത്തിലെ ക്രൈസ്തവ സമുദായത്തില്‍ മാത്രമല്ല,  കേരളത്തിലെ ഹിന്ദു സമീഹത്തിലും ഈ ആശങ്കകള്‍ കുറേക്കാലമായി ഉണ്ട്. കേരളത്തില്‍ ലവ് ജിഹാദ് മാത്രമല്ല, നര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നാണ് പാലാ ബിഷപ്പ് പറഞ്ഞത്. 

മുസ്ലിം സമുദായത്തിലെ ചുരുക്കം ചിലയാളുകളാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും ബിഷപ്പ് പറഞ്ഞു. പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ള ആളുകള്‍ ഇതിനെതിരായ രംഗത്തു വരുമ്പോള്‍, ഇവര്‍ രണ്ടുപേരും ജിഹാദികളുടെ വക്താക്കളാണോ എന്ന ചോദ്യമാണ് ഉയരുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. 

മുസ്ലിം സമുദായത്തെ ഒന്നടങ്കം ആക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. മുസ്ലിം സമുദായത്തിലെ മുഴുവന്‍ ആളുകളും ജിഹാദികളെ പിന്തുണയ്ക്കുന്നവരാണെന്ന് തനിക്ക് അഭിപ്രായമില്ല. പക്ഷെ കേരളത്തില്‍ ജിഹാദികളെ പിന്തുണയ്ക്കുന്ന ചില ആളുകളുമുണ്ട് എന്നതും വസ്തുതയാണ്. കേരളം ഐഎസിന്റെ റിക്രൂട്ടിങ് കേന്ദ്രമാണെന്ന് പറഞ്ഞത് മുന്‍ ഡിജിപിമാരാണ്. 

അമുസ്ലിങ്ങളെ മുഴുവന്‍ നശിപ്പിക്കണമെന്ന ആശയം ഐഎസിന്റേതാണ്. ഐഎസിന്റെ ആശയം പിന്‍പറ്റി പ്രവര്‍ത്തിക്കുന്ന ആളുകള്‍ കേരളത്തിലുണ്ടെന്ന് പറയുന്ന മതപുരോഹിതനെ വളഞ്ഞിട്ട് ആക്രമിക്കുന്ന ആളുകള്‍, അമുസ്ലിങ്ങളെ ഇല്ലാതാക്കണമെന്ന ഐഎസിന്റെ ആശയങ്ങളെയാണ് പിന്തുണയ്ക്കുന്നത്. ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ എതിര്‍പ്പുയര്‍ത്തിയിട്ടുള്ള കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കള്‍ ഐഎസ് വക്താക്കളാണോ എന്ന് സ്വയം വ്യക്തമാക്കണം. 

നാര്‍ക്കോട്ടിക് ജിഹാദ് പുതിയ വാക്കാണെന്നാണ് ചിലര്‍ ധരിച്ചിരിക്കുന്നത്. ഐഎസ് അടക്കമുള്ള പല തീവ്രവാദ സംഘടകളുടെയും പ്രധാന വരുമാന മാര്‍ഗം ലഹരിക്കടത്താണെന്ന് ലോകത്തിലെ പല അന്വേഷണ ഏജന്‍സികളും പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ ലഹരിക്കടത്ത് വര്‍ധിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്. 

ക്രൈസ്തവ സമുദായത്തിന്റെ ആശങ്ക തുറന്നുപറഞ്ഞ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിച്ച് ശബ്ദം ഇല്ലാതാക്കാമെന്ന് രാഷ്ട്രീയ നേതാക്കള്‍ ധരിക്കുന്നുണ്ടെങ്കില്‍, ജോസഫ് മാഷുടെ കൈ വെട്ടിയ കാലം കഴിഞ്ഞെന്ന് ഓര്‍ക്കണമെന്ന് മുരളീധരന്‍ പറഞ്ഞു. കേരളത്തിലെ ക്രിസ്ത്യാനികളുടെ മൊത്തം പാര്‍ട്ടിയാണ് തങ്ങളെന്നാണല്ലോ കേരള കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ലവ് ജിഹാദ് വിഷയത്തില്‍ മുമ്പ് തുറന്നു പറഞ്ഞ ജോസ് കെ മാണി, പാലാ ബിഷപ്പിന്റെ പ്രസ്താവനയെ അനുകൂലിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com