പിജിക്ക് എല്ലാ ദിവസവും ക്ലാസ്, മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശനം; ബിരുദത്തിന് ഒന്നിടവിട്ട ദിവസം; കോളജ് തുറക്കാന്‍ ഉത്തരവായി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2021 04:44 PM  |  

Last Updated: 17th September 2021 04:51 PM  |   A+A-   |  

college opening

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:സംസ്ഥാനത്ത് കോളജുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ നാലുമുതല്‍ കോളജുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

അന്ന് ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് കോളജില്‍ എത്തുന്നതിന് അനുമതി നല്‍കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിജിക്ക് മുഴുവന്‍ ദിവസവും ക്ലാസ് ഉണ്ടാകും. മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കാനും ഉത്തരവില്‍ പറയുന്നു. 

ബിരുദ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ്. ഒരു ദിവസം പകുതി വിദ്യാര്‍ഥികള്‍ക്ക് ക്ലാസില്‍ പ്രവേശിക്കാമെന്നും ഉത്തരവില്‍ പറയുന്നു. ഒന്നും രണ്ടും വര്‍ഷ ക്ലാസുകള്‍ ഓണ്‍ലൈനായി തുടരും. ഹോസ്റ്റലുകള്‍, ലൈബ്രറികള്‍, ലബോറട്ടറികള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാനും അനുമതി നല്‍കി. ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്കും കോളജുകളില്‍ വരാം.