ബംഗളൂരുവിലെ ജോലി നഷ്ടമായി; നാട്ടിലെത്തി കൂലിപ്പണി; പനമരത്തെ ഇരട്ടക്കൊലപാതകം മോഷണശ്രമത്തിനിടെയെന്ന് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2021 12:15 PM  |  

Last Updated: 17th September 2021 12:15 PM  |   A+A-   |  

panamaram_marder

അറസ്റ്റിലായ പ്രതി അര്‍ജുന്‍

 

കല്‍പ്പറ്റ: പനമരത്തെ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയത് മോഷണശ്രമത്തിനിടെയെന്ന് പൊലീസ്. അയല്‍വാസിയായ അര്‍ജുനാണ് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വൃദ്ധദമ്പതികളെ മുഖം മൂടി ധരിച്ചെത്തിയ ശേഷം വെട്ടിക്കൊന്നത്. റിട്ടയേര്‍ഡ് അധ്യാപകരായ കേശവനും ഭാര്യ പത്മാവതിയുമാണ് കൊല്ലപ്പെട്ടത്. പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പ്രതി അര്‍ജുന്‍ ഹോട്ടല്‍ മാനേജ് മെന്റ് കഴിഞ്ഞയാളാണ്. ബംഗളൂരുവിലും ചെന്നൈയിലും ഇയാള്‍ വിവിധ ഹോട്ടലുകളില്‍ ജോലി ചെയ്തിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് പണി നഷ്ടമായപ്പോള്‍ അര്‍ജുന്‍ നാട്ടിലെത്തുകയും പുല്ല് വെട്ടല്‍ ജോലിയില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.

കൊല നടത്തിയത് വീട്ടുകാരെ അറിയുന്ന വ്യക്തിയാണെന്ന നിഗമനത്തിലേക്ക് പൊലീസ് നേരത്തെ തന്നെ എത്തിയിരുന്നു. വീട്ടില്‍ നിന്ന് സ്വര്‍ണമോ പണമോ ഒന്നും നഷ്ടപ്പെട്ടില്ലെങ്കിലും കൊലപാതകത്തിന് പിന്നില്‍ കവര്‍ച്ചാ സ്വഭാവമുണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കിയിരുന്നു. ആദ്യം കേശവന്‍ നായരെയാണ് കൊലപ്പെടുത്തിയത്. ഇത് കണ്ട് പത്മാവതി പുറത്തിറങ്ങി അലറിവിളിക്കുന്നതിനിടെ പ്രതി ഇവരെയും വെട്ടുകയായിരുന്നു. നാട്ടുകാര്‍ എത്തുന്നതിന് മുന്‍പെ പ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു. പ്രതി ഇടം കൈയ്യനാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതെല്ലാം വച്ച് നടത്തിയ അന്വേഷണത്തില്‍ കൊല നടത്തിയത് നാട്ടുകാരിലൊരാളാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.

300 ഓളം പേരെയാണ് കേസുമായി ബന്ധപ്പെട്ട് നൂറ് ദിവസത്തിനിടെ പൊലീസ് ചോദ്യം ചെയ്തത്. അര്‍ജുനെ ചോദ്യം ചെയ്യുന്നതിനിടെ ഇറങ്ങി ഓടുകയും കൈയില്‍ കരുതിയിരുന്ന എലിവിഷം കഴിക്കുകയുമായിരുന്നു. ഇതിലൂടെയാണ് പ്രതി അര്‍ജുനാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. തുടര്‍ന്ന് നടത്തിയ നീരീക്ഷണത്തില്‍ കൊല നടത്തിയത് അര്‍ജുനാണെന്ന് പൊലീസ് കണ്ടെത്തുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.