പെട്രോളും ഡീസലും ജിഎസ്ടിയില്‍; നിര്‍ദേശത്തെ സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തു, കണ്ണില്‍പൊടിയിടലെന്ന് ബാലഗോപാല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2021 11:32 AM  |  

Last Updated: 18th September 2021 11:32 AM  |   A+A-   |  

balagopal

ധനമന്ത്രി ബാലഗോപാല്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം

 

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ മിക്ക സംസ്ഥാനങ്ങളും എതിര്‍ത്തെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്ന പ്രചാരണം കണ്ണില്‍ പൊടിയിടല്‍ ആണെന്നും ബാലഗോപാല്‍ പറഞ്ഞു.

ഇന്ധന വില കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന അധിക നികുതി കുറയ്ക്കുകയാണ് ചെയ്യേണ്ടത്. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയും എന്നത് കണ്ണില്‍ പൊടിയിടലാണ്. സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്ന വിഹിതം മാത്രമാണ് അതിലൂടെ കുറയുക. പെട്രോളിയം ഇന്ധനങ്ങളും മദ്യവും മാത്രമാണ് നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താവുന്ന ഇനങ്ങള്‍. അതുകൂടി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കും. അതുകൊണ്ട് കേരളം മാത്രമല്ല, യുപി, ബിഹാര്‍ തുടങ്ങിയ മിക്ക സംസ്ഥാനങ്ങളും നിര്‍ദേശത്തെ എതിര്‍ത്തു- ബാലഗോപാല്‍ പറഞ്ഞു.

ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേരളത്തിന്റെ നിലപാടുകള്‍ ശക്തമായി അവതരിപ്പിക്കാനായെന്ന് മന്ത്രി പറഞ്ഞു. വെളിച്ചെണ്ണയുടെ നികുതി പതിനെട്ടു ശതമാനമായി ഉയര്‍ത്താനുള്ള നിര്‍ദേശത്തെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എതിര്‍ത്തു. ഇതു പിന്നീടു ചര്‍ച്ച ചെയ്യാനായി മാറ്റിയെന്ന് മന്ത്രി അറിയിച്ചു.