എ ആര്‍ നഗര്‍ സഹകരണബാങ്കില്‍ കൂട്ട സ്ഥലംമാറ്റം; ഭരണസമിതിക്കെതിരെ മൊഴി നല്‍കിയവര്‍ക്കെതിരെയും നടപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th September 2021 07:45 AM  |  

Last Updated: 19th September 2021 07:45 AM  |   A+A-   |  

a r nagar cooperative bank scam

എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്ക്‌

 

മലപ്പുറം: എ ആര്‍ നഗര്‍ സഹകരണബാങ്കിലെ 32 ജീവനക്കാര്‍ക്ക് സ്ഥലമാറ്റം. ഭരണസമിതിക്കെതിരെ മൊഴി നല്‍കിയവരെയും സ്ഥലംമാറ്റിയതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

എ ആര്‍ നഗര്‍ സഹകരണബാങ്കിലെ ക്രമക്കേടിനെതിരെ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് ബാങ്കില്‍ കള്ളപ്പണ ഇടപാടുകള്‍ ഉള്ളതായി കെ ടി ജലീല്‍ എംഎല്‍എ ആരോപണം ഉന്നയിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ ക്രമക്കേടുകളെ കുറിച്ച് സഹകരണവകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഭരണസമിതിക്കെതിരെ മൊഴി നല്‍കിയ 15 ജീവനക്കാരെ അടക്കം സ്ഥലംമാറ്റിയതായാണ് ആരോപണം.

പഞ്ചായത്ത് പരിധിയിലുള്ള ബാങ്കായതിനാല്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള ശാഖകളിലേക്കാണ് ജീവനക്കാരെ സ്ഥലംമാറ്റിയത്. ബാങ്ക് ആസ്ഥാനത്ത് പ്രവര്‍ത്തിക്കേണ്ട ഇന്റേണല്‍ ഓഡിറ്ററെ അടക്കം സ്ഥലംമാറ്റിയത് ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.