'ഇവിടെയുള്ളത് നല്ല ബുദ്ധിയുള്ള സര്‍ക്കാര്‍';  മുഖ്യമന്ത്രി എല്ലാത്തിനും മറുപടി പറയേണ്ടതില്ല; പിന്തുണയുമായി സുരേഷ് ഗോപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st September 2021 11:42 AM  |  

Last Updated: 21st September 2021 11:42 AM  |   A+A-   |  

Suresh Gopi

സുരേഷ് ​ഗോപി/ഫയല്‍ ചിത്രം

 

കട്ടപ്പന: പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് ബിജെപി എംപി സുരേഷ് ഗോപി. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും നല്ല ബുദ്ധിയുള്ള സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. 

എല്ലാ കാര്യത്തിനും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ല. അദ്ദേഹം രാഷ്ട്രീയക്കാരന്‍ മാത്രമല്ല, ഭരണകര്‍ത്താവ് കൂടിയാണ്. അദ്ദേഹം പറയേണ്ടതില്ല. ചെയ്താല്‍ മതിയെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സര്‍ക്കാര്‍ തീരുമാനം രാജ്യ താത്പര്യത്തിന് വിരുദ്ധമാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. 

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ മൗനം പുലര്‍ത്തുന്നുവെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധം ഉയര്‍ത്തിയിരുന്നു. വിഷയത്തില്‍ മത-രാഷ്ട്രീയ നേതാക്കളുടെ യോഗം വിളിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി രാജ്യസഭ എംപി പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്തമായ അഭിപ്രായവുമായി രംഗത്തുവന്നിരിക്കുന്നത്.