ലൈഫ് പദ്ധതിയില്‍ 12,067 വീടുകള്‍ പൂര്‍ത്തികരിച്ചു, 23566 ഹെക്ടര്‍ ഭൂമിയില്‍ ജൈവകൃഷി; നൂറുദിന പരിപാടി വിജയകരമെന്ന് മുഖ്യമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2021 07:49 PM  |  

Last Updated: 22nd September 2021 07:49 PM  |   A+A-   |  

100-day program

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പശ്ചാത്തല സൗകര്യം, സാമൂഹ്യമേഖലകളിലെ വികസനം, ക്ഷേമ പരിപാടികള്‍ നടപ്പാക്കല്‍ എന്നിങ്ങനെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന നൂറുദിന പരിപാടി വിജയകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ലക്ഷ്യങ്ങള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.  പലതും ലക്ഷ്യത്തിനപ്പുറം എത്താനായതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലൈഫ് പദ്ധതിയില്‍ നൂറുദിവസത്തിനുള്ളില്‍  10,000 വീടുകള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്. 12,067 വീടുകള്‍ ഈ കാലയളവില്‍ പൂര്‍ത്തീകരിച്ചു.തൃശൂര്‍ ജില്ലയിലെ പഴയന്നൂരിലെ ഭൂരഹിത, ഭവനരഹിതര്‍ക്കായി 40 യൂണിറ്റുകളുള്ള ഭവനസമുച്ചയം 'കെയര്‍ ഹോം' പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തീകരിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള  പുനര്‍ഗേഹം പദ്ധതി പ്രകാരം 308 വ്യക്തിഗത വീടുകളും 276 ഫ്‌ളാറ്റുകളും പൂര്‍ത്തിയാക്കി.ഭൂരഹിതരായ 13500  കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. പാര്‍പ്പിടത്തോടൊപ്പം ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമി ലഭ്യമാക്കുക എന്നതാണ് എല്‍ഡിഎഫ് നയം. ഈ  സര്‍ക്കാരിന്റെ കാലത്ത് അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമി ലഭ്യമാക്കും.

അഭ്യസ്തവിദ്യരുടെയും അല്ലാത്തവരുടെയും തൊഴിലില്ലായ്മ സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളിയാണ്. കോവിഡ്   നിയന്ത്രണങ്ങള്‍ കാരണം സാമ്പത്തിക വളര്‍ച്ചയ്ക്ക് ആഘാതമേറ്റു.  ഇത് മറികടക്കാനാണ് നൂറുദിന പരിപാടിയി  77,500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടത്. വിവിധ വകുപ്പുകള്‍ വഴി പ്രത്യക്ഷമായും പരോക്ഷമായും 74651 പേര്‍ക്ക് തൊഴില്‍ നല്‍കി. ഇതില്‍ 4954 എണ്ണം പി.എസ്.സി വഴിയുള്ള നിയമനങ്ങള്‍ക്കുള്ള അഡൈ്വസാണ്. ഇതിനു പുറമെയാണ്  സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ ഏറ്റടുത്ത  നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട തൊഴില്‍  ദിനങ്ങള്‍.  വൈദ്യുതി വകുപ്പ് ഏറ്റെടുത്ത കരാര്‍ പണികളിലൂടെ 4,56,016 തൊഴി ദിനങ്ങള്‍ ഈ  കാലയളവില്‍  സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. റവന്യൂ വകുപ്പ് ഏറ്റെടുത്ത സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണം വഴി 60,000 തൊഴില്‍  ദിനങ്ങള്‍ സൃഷ്ടിച്ചു.  

208 കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പരിപാടി പൂര്‍ത്തീകരിച്ചിട്ടുണ്ട്. 548 അംഗന്‍വാടികളുടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കി.  50 ആരോഗ്യ സ്ഥാപനങ്ങളില്‍ 25 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.  5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികളും നടന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ 65 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മോഡുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍ പ്രവര്‍ത്തന സജ്ജമായി.

പട്ടികജാതി വകുപ്പിന്റെ കീഴില്‍  പൂര്‍ത്തിയാകാതെ കിടന്ന 1000 വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. അത് കടന്ന്,  1188 വീടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠനത്തിനായി പഠന മുറി നിര്‍മ്മാണം, വൈദ്യുതീകരണം, ആവശ്യത്തിനുള്ള ഫര്‍ണ്ണിച്ചര്‍ എന്നിവ ഉള്‍പ്പെടെ 1000 എണ്ണം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. 1752 എണ്ണം പൂര്‍ത്തീകരിച്ചു.

177.11 കോടി രൂപ ചെലവഴിച്ചുള്ള 7 റോഡ് പദ്ധതികള്‍ കിഫ്ബി വഴി പൂര്‍ത്തിയാക്കി. റീബില്‍ഡ് കേരള വഴി 414.26 കോടി രൂപയുടെ നാല് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. ഇതിനു പുറമെ, 286.36 കോടി രൂപയുടെ റോഡ് പദ്ധതികള്‍ക്ക് കരാറിലേര്‍പ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് വിനിയോഗം ചെയ്ത് നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 1000 റോഡുകള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തിട്ടുണ്ട്.

236.85 കോടി രൂപ മുതല്‍മുടക്കില്‍  92 സ്‌കൂളുകളും  48 ലാബുകള്‍, 100  ലൈബ്രറികള്‍ എന്നിവയും ഉദ്ഘാടനം ചെയ്തു.  107 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചു.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അക്കാദമിക് മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തില്‍ 1000 പേര്‍ക്ക് 1 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പിനുള്ള  ഉത്തരവ് പുറപ്പെടുവിച്ചു.

'സുഭിക്ഷം,സുരക്ഷിതം കേരളം' എന്ന ലക്ഷ്യത്തോടെ 23566 ഹെക്ടര്‍ ഭൂമിയില്‍ ജൈവകൃഷി ആരംഭിച്ചു.പ്രായാധിക്യം കൊണ്ടും ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ കൊണ്ടും കഷ്ടതയനുഭവിക്കുന്നവരുടെ വീട്ടുപടിക്കല്‍ത്തന്നെ സര്‍ക്കാരിന്റെ സേവന പദ്ധതികള്‍ എത്തിച്ചു നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വാതില്‍പ്പടി സേവന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 

കെ.എസ്.ഐ.ഡി.സി വഴി മടങ്ങിവന്ന പ്രവാസികള്‍ക്കായി 100 കോടി രൂപയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. ഒരു വ്യക്തിക്ക് 25 ലക്ഷം മുതല്‍ പരമാവധി 2 കോടി വരെ വായ്പയാണ് ലഭ്യമാക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കാന്‍ വെച്ചിരുന്ന കാസര്‍ഗോഡ് ബെല്‍ -ഇഎംഎല്‍  സര്‍ക്കാര്‍ ഏറ്റെടുത്തു. ബേപ്പൂരില്‍ നിന്നും കൊച്ചി വരെയും കൊല്ലത്ത് നിന്നും കൊച്ചി വരെയും തീരദേശ ഷിപ്പിംഗ് പൂര്‍ത്തിയാക്കി.

3  ഫുട്‌ബോള്‍ അക്കാദമികള്‍ നാടിനു സമര്‍പ്പിച്ചു. അതില്‍ രണ്ടെണ്ണം വനിതകള്‍ക്ക് മാത്രമായാണ്.സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കൊച്ചിയില്‍ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് ഹബ് പൂര്‍ത്തിയാക്കി.ചെല്ലാനം കടല്‍  തീരത്തെ കടലാക്രമണം തടയാനുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കി. 

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂലൈ 1 മുതല്‍   450 ഓളം വരുന്ന വനസംരക്ഷണ സമിതികള്‍, ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികള്‍ എന്നിവ വഴി 2,15,721 വൃക്ഷതൈകള്‍ വച്ചുപിടിപ്പിച്ചു.

യാത്രക്കിടയില്‍ വിശ്രമിക്കാന്‍ ശുചിത്വവും സുരക്ഷിതത്വവും ഉള്ള 'ടേക്ക് എ ബ്രേക്ക്' സമുച്ചയങ്ങളുടെ രണ്ടാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയായി. 100 പുതിയ സമുച്ചയങ്ങള്‍  രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നാടിനു സമര്‍പ്പിച്ചു. ഒന്നാം ഘട്ടത്തിലും 100 സമുച്ചയങ്ങളായിരുന്നു നിര്‍മ്മിച്ചത്. 524 ടേക്ക് എ ബ്രേക്ക് സമുച്ചയങ്ങളുടെ നിര്‍മ്മാണം പുരോഗതിയിലാണ്.

ഇത് പൂര്‍ണ്ണമായ ഒരു പട്ടികയല്ല. നൂറ് ദിന പരിപാടിയില്‍ പ്രഖ്യാപിച്ച ചില പ്രധാന കാര്യങ്ങള്‍ പറഞ്ഞതേയുള്ളൂ. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങി്വെച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനും പുതിയവ ഏറ്റെടുക്കാനും   ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്.  ഏതു പ്രതിസന്ധിയിലും സര്‍ക്കാരിന്റെ വാഗ്ദാനം നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.