ഫെയ്‌സ്ബുക്കിലൂടെ പ്രണയം നടിച്ച് യുവാവില്‍ നിന്ന് തട്ടിയത് 11 ലക്ഷം; യുവതിയും ഭര്‍ത്താവും അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd September 2021 08:26 AM  |  

Last Updated: 23rd September 2021 08:26 AM  |   A+A-   |  

fraud_case_through_facebook1


പന്തളം: പ്രണയം നടിച്ച് യുവാവിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതിയും തട്ടിപ്പിന് കൂട്ടുനിന്ന ഭർത്താവും അറസ്റ്റിൽ. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ചായിരുന്നു പണം തട്ടൽ. കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം എസ്എൻ പുരം ബാബു വിലാസത്തിൽ പാർവതി ടി പിള്ള (31), ഭർത്താവ് സുനിൽ ലാൽ (43) എന്നിവരാണ് അറസ്റ്റിലായത്. 

പ്രതികളെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുളനട സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.  2020 ഏപ്രിലിലാണ് ഇരുവരും ഫെയ്സ്ബുക്കിലൂടെ സുഹൃത്തുക്കളാവുന്നത്. അവിവാഹിതയാണെന്നും പുത്തൂരിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയാണെന്നുമാണ് യുവതി  യുവാവിനോട് പറഞ്ഞത്. 

എസ്എൻ പുരത്ത് സുനിൽലാലിന്റെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നായിരുന്നു യുവാവിനെ ധരിപ്പിച്ചത്. ഇതിനിടെ വിവാഹ സന്നദ്ധത അറിയിച്ച പാർവതി യുവാവിൽ നിന്ന് പണം ആവശ്യപ്പെട്ടു. 10 വയസ്സുള്ളപ്പോൾ തന്റെ മാതാപിതാക്കൾ മരിച്ചു പോയെന്നും വസ്തുസംബന്ധമായ കേസിന്റെ ആവശ്യത്തിനു പണം വേണമെന്നുമാണ് യുവതി ആദ്യം പറഞ്ഞത്. 

ചികിത്സയുടെ പേരിലും പിന്നീട് പണം ചോദിച്ചിരുന്നു. പലവട്ടമായി 11,07,975 ലക്ഷം രൂപയാണ് യുവാവ് ബാങ്ക് വഴിയും മറ്റും നൽകിയത്. പാർവതിയുടെ യാത്രാ ആവശ്യത്തിനായി കാർ വാടകയ്‌ക്കെടുത്തു നൽകിയതിന് 8,000 രൂപയും ചെലവഴിച്ചു. എന്നാൽ വിവാഹത്തിന്റെ കാര്യം സംസാരിക്കുമ്പോൾ‍ പാർവതി ഒഴിഞ്ഞു മാറിത്തുടങ്ങിയതോടെ യുവാവിനു സംശയം തോന്നിയത്. വിവരം അന്വേഷിക്കാൻ പാർവതിയുടെ പൂത്തൂരിലെ വീട്ടിലെത്തിയപ്പോഴാണ് സുനിൽ ലാൽ ഭർത്താവാണെന്നും ഇവർക്ക് കുട്ടിയുണ്ടെന്നും അറി‍ഞ്ഞത്. തുടർന്നു പന്തളം പൊലീസിൽ പരാതി നൽകി.