നിയമസഭ കയ്യാങ്കളിക്കേസ് :  പ്രതികള്‍ അക്രമം കാട്ടിയത് നിയമപരമായി കുറ്റകരമെന്ന് അറിഞ്ഞുകൊണ്ട്; മന്ത്രി ശിവന്‍കുട്ടിയെ തള്ളി സര്‍ക്കാര്‍ 

സ്പീക്കറുടെ ഡയസ്സിൽ കയറിയതിൽ തോമസ് ഐസക്ക്, സുനിൽകുമാർ, ശ്രീരാമകൃഷ്ണൻ തുടങ്ങിയവരും ഉണ്ടായിരുന്നതായി പ്രതികൾ ചൂണ്ടിക്കാട്ടി
നിയമസഭയില്‍ നടന്ന കയ്യാങ്കളിയുടെ ദൃശ്യം / ഫയല്‍
നിയമസഭയില്‍ നടന്ന കയ്യാങ്കളിയുടെ ദൃശ്യം / ഫയല്‍

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍. നിയമപരമായി കുറ്റകരമാണ് എന്ന് അറിഞ്ഞു കൊണ്ടാണ് പ്രതികള്‍ സഭയില്‍ അക്രമം കാട്ടിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.  പ്രതികളുടെ പ്രവൃത്തി നിയമസഭ ചരിത്രത്തില്‍ ആദ്യമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന വാദത്തിലാണ് സര്‍ക്കാര്‍ മന്ത്രി അടക്കമുള്ള ഇടതു നേതാക്കള്‍ക്കെതിരെ രംഗത്തു വന്നത്. പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തന്നെ കുറ്റം തെളിഞ്ഞതാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 

അതേസമയം തങ്ങള്‍ മാത്രമല്ല, 20 ഓളം പേര്‍ സ്പീക്കറുടെ ഡയസ്സില്‍ കയറിയതായി പ്രതികളുടെ അഭിഭാഷകന്‍ പറഞ്ഞു. ഇതില്‍ തോമസ് ഐസക്ക്, സുനില്‍കുമാര്‍, ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. അതില്‍ തങ്ങള്‍ മാത്രം പ്രതികളായത് എങ്ങനെയെന്ന് അറിയില്ല. 

ഇത് അതിക്രമം ആയിരുന്നില്ല. വാച്ച് ആന്റ് വാര്‍ഡുകാരാണ് അതിക്രമം കാട്ടിയത്. അവര്‍ സംഘര്‍ഷം ഉണ്ടാക്കിയപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും ശിവന്‍കുട്ടി അടക്കമുള്ളവര്‍ വാദിച്ചു. 140 എംഎല്‍എമാരില്‍ 21 മന്ത്രിമാരും സഭയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ ആരും കേസില്‍ സാക്ഷികളായില്ല.  

പൊലീസുകാര്‍ മാത്രമാണ് കേസില്‍ സാക്ഷികളായത്. നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളില്‍ അടക്കം പ്രചരിക്കുന്നത് യഥാര്‍ത്ഥമല്ല എന്നും പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചു. ഇലക്ട്രോണിക് പാനല്‍ നശിപ്പിച്ചു എന്നാണ് വി ശിവന്‍കുട്ടിക്കെതിരെയുള്ള പ്രധാന ആരോപണം. 

എന്നാല്‍ വിദഗ്ധ പരിശോധനയില്‍ ഇലക്ട്രോണിക് പാനലിന് കേടുപാടുണ്ടായില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നെങ്ങനെയാണ് ശിവന്‍കുട്ടിക്കെതിരെ കേസ് ചാര്‍ജ് ചെയ്യുകയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചോദിച്ചു. നിയമസഭ കയ്യാങ്കളിക്കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി.

കേസില്‍ അടുത്ത മാസം ഏഴിന് കോടതി ഉത്തരവ് പുറപ്പെടുവിക്കും. നിലവിലെ മന്ത്രി വി ശിവന്‍കുട്ടി, മുന്‍മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, എംഎല്‍എമാരായിരുന്ന കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവരാണ് കേസിലെ പ്രതികൾ.

2015 മാർച്ച് 13 ന് കെ എം മാണിയുടെ ബജറ്റ് അവതരണം തടഞ്ഞുകൊണ്ട് ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ പ്രതിഷേധമാണ് കേസിന് ആസ്പദം. ബാര്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന എല്‍.ഡി.എഫ്. എംഎല്‍എമാരുടെ നിലപാടാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com